Search
Close this search box.

അതിർത്തി കടന്ന് ശിങ്കാരി പെരുമ, നെടുമങ്ങാടിന്റെ വിജയതാളമായി ‘രുദ്രതാളം’

IMG-20230712-WA0017

വനിതകൾക്ക് ഒരു വരുമാനമാർഗമെന്ന നിലയിൽ അഞ്ച് വർഷം മുൻപ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് രൂപം നൽകിയ പദ്ധതി, ഇപ്പോൾ അതിർത്തികൾ പിന്നിട്ട് സ്ത്രീമുന്നേറ്റത്തിന്റെ പെരുമ വിളിച്ചോതുകയാണ്. നിറചിരിയോടെ ഒരേ താളത്തിൽ കൊട്ടിത്തിമിർക്കുന്ന വനിതാ കാലാകരികൾ നാട്ടിലെ സ്ഥിരം കാഴ്ചയാണ്. ‘രുദ്രതാളം’ എന്ന പേരിൽ ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച ശിങ്കാരി മേളം ടീം ഇപ്പോൾ നാടിന്റെയാകെ താളമായി മാറിയിരിക്കുന്നു. നൂറിലധികം പരിപാടികൾ അവതരിപ്പിച്ച് കൊട്ടിത്തെളിഞ്ഞ സംഘം, ഇപ്പോൾ തമിഴ്‌നാട്ടിലും കലാവിരുന്നൊരുക്കുകയാണ്.

സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട്, കേട്ടുപഴകിയ സ്വയംതൊഴിൽ പദ്ധതികളിൽ നിന്ന് വ്യത്യസ്തമായി ശിങ്കാരി മേളം ടീം എന്ന പുതിയ ആശയം ബ്ലോക്ക് പഞ്ചായത്ത് 2017ലാണ് നടപ്പാക്കുന്നത്. പദ്ധതി വിജയത്തിലെത്തിക്കാൻ ബ്ലോക്ക് പഞ്ചായത്തിന് കടമ്പകളേറെയായിരുന്നു. ആദ്യം അഞ്ച് ഗ്രാമപഞ്ചായത്തുകളിൽ നിന്നായി ശിങ്കാരിമേളം പഠിക്കാൻ താത്പര്യമുള്ള 33 വനിതകളെ കണ്ടെത്തി. തുടർന്ന് ശിങ്കാരിമേളം കലാകാരൻ മുരളീധരൻ നായരുടെ കീഴിൽ കരകുളം ഗ്രാമീണ പഠനകേന്ദ്രത്തിൽ ഒരു വർഷം നീണ്ട പരിശീലനം. പരിശീലനം നേടിയവരിൽ നിന്നും 23 പേരെ ടീമിനായി തെരഞ്ഞെടുത്തു. അവർക്കായി വാദ്യോപകരണങ്ങളും യൂണിഫോമും ബ്ലോക്ക് പഞ്ചായത്ത് നൽകി.

2018ൽ ബ്ലോക്ക് പഞ്ചായത്തിന്റെ പരിപാടികളിലൂടെ സാന്നിധ്യം അറിയിച്ച ശിങ്കാരി മേളം സംഘത്തിന്റെ വളർച്ചയും ദ്രുതഗതിയിലായിരുന്നു. പ്രദേശത്തെ ഉദ്ഘാടന ചടങ്ങുകൾക്കും വിവാഹങ്ങൾക്കുമെല്ലാം സ്ഥിരംസാന്നിധ്യമായി ഈ വനിതാ സംഘം മാറി. ആഘോഷങ്ങൾക്ക് മുൻപന്തിയിൽ കൊട്ടും മേളവുമായി വനിതാ ശിങ്കാരി മേളം ഇടംപിടിച്ചു.

ഒരുപജീവനമാർഗം എന്നതിലുപരി ശിങ്കാരി മേളം ഇപ്പോൾ ഈ വനിതകളുടെ ജീവന്റെ താളം കൂടിയാണ്. ശിങ്കാരിമേളം കലാകാരികളെന്ന വിശേഷണം ഇവർക്ക് ഏറെ സന്തോഷം നൽകുന്നുണ്ട്. ശിങ്കാരി മേളം കലാരംഗത്ത് സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കി അങ്ങനെ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തും ശ്രദ്ധനേടി. തമിഴ്‌നാട്ടിൽ, അതിർത്തി പ്രദേശമായ മാർത്താണ്ഡത്തുൾപ്പെടെ മൂന്ന് പരിപാടികളിലാണ് സംഘം പങ്കെടുത്തത്. പരിപാടികളിലൂടെ ലഭിക്കുന്ന വരുമാനം ബ്ലോക്ക് പഞ്ചായത്തിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും. വിശേഷാവസരങ്ങളിൽ സംഘാംഗങ്ങൾ പണം പിൻവലിക്കും. നാൽപതിനായിരം രൂപ വരെ വരുമാനമായി ലഭിച്ചവരും സംഘത്തിലുണ്ട്.

രുദ്രതാളത്തിന്റെ വിജയത്തിന്റെ ചുവടുപിടിച്ച് രണ്ടാമത്തെ സംഘവും പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. പട്ടികജാതി,പട്ടികവർഗ, പിന്നാക്കക്ഷേമ വികസന വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ, ഭക്ഷ്യപൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ അനിൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അരങ്ങേറ്റം. ഇത്തവണ 18 വനിതകളാണ് സംഘത്തിലുള്ളത്. പ്രസാദ് എസ്.പി ഗുരുകൃപയുടെ ശിക്ഷണത്തിലായിരുന്നു പരിശീലനം. അഞ്ച് ലക്ഷം രൂപയാണ് പദ്ധതിക്കായി ബ്ലോക്ക് പഞ്ചായത്ത് വിനിയോഗിച്ചത്.

ഗ്രാമപ്രദേശത്തെ സ്ത്രീകൾക്ക് വരുമാനത്തിനൊപ്പം ആദരവ് നേടാനും അവരുടെ കഴിവുകൾ പുറംലോകത്തെത്തിച്ച് ആത്മവിശ്വാസത്തോടെ ജീവിക്കാനും പദ്ധതിയിലൂടെ സാധിച്ചുവെന്ന് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!