മുതലപ്പൊഴിയിലെ അപകടങ്ങളുടെ ആഴങ്ങൾ

ei2JRY176353

ശക്തമായ തിരമാലകളുള്ള അറബിക്കടലിൽ കഠിനംകുളം കായലിനോട് ചേർന്നു കിടക്കുന്ന മുതലപ്പൊഴിയിൽ പരമ്പരാഗതമായി മത്സ്യത്തൊഴിലാളികൾ വള്ളവും വലയുമിറക്കി മത്സ്യബന്ധനം നടത്തി വന്നിരുന്ന പ്രദേശമാണ് മുതലപ്പൊഴി. എന്നാൽ അടുത്ത കാലങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികൾക്ക് വള്ളവും ബോട്ടും തിരയിൽ തകർന്ന് മത്സ്യബന്ധനത്തിന് സാധ്യമാകാത്ത സ്ഥിതി വിശേഷമാണുള്ളത്.

2015 മുതൽ അറുപതിലധികം മത്സ്യത്തൊഴിലാളികൾ മുതലപ്പൊഴിയിൽ മരിച്ചതായി കണക്കാക്കപ്പെടുന്നു. കൂറ്റൻ തിരമാലകളിൽ വള്ളവും വലയും തകർന്നടിയുന്നു. അപകടങ്ങൾ ദിനംപ്രതി വർദ്ധിച്ചു വരുന്നു.

എന്താണിതിൻ്റെ കാരണങ്ങൾ എന്ന് പരിശോധിക്കേണ്ടതുണ്ട്. 2015 ൽ കടലിലേക്ക് തിരമാലകളെ പ്രതിരോധിക്കാൻ പുലിമുട്ടുകൾ നിർമ്മിക്കപ്പെട്ടു. അഞ്ചുതെങ്ങ് കടൽ തീരങ്ങളിൽ കല്ലുകൾ കടലിലിട്ട് കടലാക്രമണം തടയാൻ ശ്രമം നടത്തി. എന്നാൽ അഞ്ച്തെങ്ങ് മുതലപ്പൊഴി മേഖലകളിൽ കടലാക്രമണം ശക്തമാകുകയായിരുന്നു.

മുതലപ്പൊഴിയിൽ തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് കടലിനടിയിലെ മണ്ണ് നീക്കം ചെയ്യുകയും കടലിന് ആഴം വർദ്ധിപ്പിക്കുകയും ചെയ്തു. കടൽ തീരത്ത് കല്ലടുക്കി ഉയരം വർദ്ധിപ്പിക്കുകയും ചെയ്തു. പുലിമുട്ടുകളും കെട്ടി ഉയർത്തി തിരമാലകളെ പ്രതിരോധിക്കാൻ സംവിധാനമൊരുക്കി.

ഇത്തരം പ്രവർത്തികൾ മൂലം തിരമാലകളെ തടുത്തു നിർത്താൻ സാധിച്ചെങ്കിലും തിരമാലകളുടെ പ്രഹര ശേഷി കുറക്കാൻ കഴിഞ്ഞില്ല. തീരത്ത് ഉയരത്തിൽ അടുക്കിയ പാറക്കൂട്ടങ്ങളിലും പുലിമുട്ടിലും തിരമാലകൾ അതിശക്തമായി പ്രഹരിച്ചു കൊണ്ടിരുന്നു. തിരമാലകളുടെ പ്രഹര ശേഷിയിൽ കൽഭിത്തികളും പുലിമുട്ടുകളും കെട്ടിടങ്ങളും തകർന്നു വീഴാൻ തുടങ്ങി. മാത്രമല്ല, തീരത്തേക്ക് വരുന്ന തിരമാലകൾ കൽഭിത്തികളിലും പുലിമുട്ടിലും പ്രഹരമേൽപ്പിച്ച ശേഷം കടലിലേക്ക് തിരിച്ച് മടങ്ങുന്ന തിരമാലകൾക്കും വർദ്ധിച്ച ശക്തിയാണ്. കടലിലേക്ക് മടങ്ങുന്ന തിരമാലകൾ വള്ളങ്ങളേയും മത്സ്യത്തൊഴിലാളികളേയും കടലിലേക്ക് വലിച്ച് കൊണ്ട് പോകാൻ കഴിയുന്ന തരത്തിൽ ശക്തിയാർജിച്ചതാണ്. ഇതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്.

കടൽ തീരം എപ്പോഴും തടസ്സങ്ങളോ ഭിത്തികളോ ഇല്ലാതെ സംരക്ഷിക്കപ്പെടണം. തിരകൾക്ക് മാർഗതടസ്സമായി വരുന്ന നിർമ്മാണ പ്രവർത്തനങ്ങളെ കാലക്രമേണ തിരമാലകൾ അടിച്ച് തകർക്കും. തടസ്സങ്ങൾ സൃഷ്ടിക്കലല്ല; തടസ്സങ്ങൾ നീക്കുക എന്നതാണ് കടലാക്രമണം ഒഴിവാക്കാൻ സ്വീകരിക്കേണ്ട നടപടി.

തിരിച്ച് മടങ്ങുന്ന തിരമാലകൾക്ക് ശക്തി കുറയണമെങ്കിൽ കടൽ തീരത്ത് കെട്ടി ഉയർത്തിയ പ്രതിരോധ ഭിത്തികളും തടസ്സങ്ങളും ഒഴിവാക്കണം. അങ്ങനെ വരുമ്പോൾ തീരങ്ങളിലേക്ക് അടിച്ചുകയറുന്ന തിരമാലകളുടെ ശക്തി കുറയുകയും പ്രഹരശേഷി ദുർബലമാകുകയും ചെയ്യും.

കൂടാതെ, കടലിൽ എത്രമാത്രം മണ്ണ് നീക്കം ചെയ്തെന്നും കടലിൻ്റെ ആഴം എത്രമാത്രമാണെന്നും തിട്ടപ്പെടുത്തണം. തീരത്തോടടുത്ത കടലിൽ മണ്ണ് നീക്കി ആഴം കൂട്ടിയാൽ ശക്തമായ തിരമാലകൾ രൂപപ്പെടും. കടൽ തീരത്ത് നിന്നും വളരെ ദൂരത്തിൽ മാത്രമാണ് മണ്ണ് നീക്കം നടത്തേണ്ടതും ആഴം വർദ്ധിപ്പിക്കേണ്ടതും.    തീരത്തോടടുത്ത കടലിൽ വലിയ ഗർത്തങ്ങളും കുഴികളും നിർമ്മിക്കുന്നത് കടൽ ചുഴികൾ രൂപപ്പെടുന്നതിന് കാരണമായിത്തീരും. ഇതും അപകടകരമാണ്. ആഴം കുറഞ്ഞ കടലും ക്രമമായും ചെറിയ തോതിലും  വികസിക്കുന്ന മണൽ തീരങ്ങളിലേക്ക് അടിച്ച് കയറുന്ന തിരമാലകൾക്ക് ശക്തി കുറഞ്ഞിരിക്കും.

അപകടങ്ങൾ ഒഴിവാക്കാൻ ഉയർച്ച താഴ്ചകളില്ലാത്ത കടൽ തീരമാണ് ആവശ്യമായിട്ടുള്ളത്. പ്രകൃതിദത്തമായ കടൽ തീരം മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താതെ കാത്ത് സംരക്ഷിക്കപ്പെടണം. കടൽ തീരങ്ങളിൽ എത്രമാത്രം മാറ്റം വരുത്തി എന്നതിനെ കുറിച്ച് ശരിയായ പഠനം നടത്തി ആവശ്യമായ കരുതൽ നടപടികൾ സ്വീകരിക്കാൻ ഇനിയും നാം അമാന്തിക്കരുത്.

റിപ്പോർട്ട്‌ – എം. ഖുത്തുബ് (ഭൂവിനിയോഗ ബോർഡ് മുൻ ഡെപ്യൂട്ടി ഡയറക്ടർ )

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!