വാമനപുരം നിയോജക മണ്ഡലത്തിലെ വെഞ്ഞാറമൂട് പനവൂർ-ആറ്റിൻപുറം-പേരയം റോഡിൽ, ആറ്റിൻപുറം മുതൽ പേരയം വരെയുള്ള ഭാഗത്തെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഡി.കെ മുരളി എം.എൽ.എ നിർവഹിച്ചു. 4.1 കിലോമീറ്റർ ഭാഗമാണ് ബി.എം.ബി.സി നിലവാരത്തിൽ നവീകരിക്കുന്നത്. വെഞ്ഞാറമൂട് -പുത്തൻപാലം റോഡിനേയും പേരയം-ചെല്ലഞ്ചി റോഡിനേയും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് പനവൂർ-ആറ്റിൻപുറം-പേരയം റോഡ്. ആറ് കോടി രൂപ ചെലവഴിച്ചാണ് നവീകരണം. നാടിന്റെ വികസനത്തിന് കക്ഷിരാഷ്ട്രീയഭേദമന്യേ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന് എം.എൽ.എ പറഞ്ഞു.
റോഡിന്റെ ഇരുഭാഗങ്ങളിലും മെറ്റലിട്ട് ബലപ്പെടുത്തി 5.50 മീറ്റർ വീതിയിൽ 50 മില്ലിമീറ്റർ കനത്തിൽ ബി.എം, 30 മില്ലിമീറ്റർ കനത്തിൽ ബി.സിയും ചെയ്യും. അവശ്യഭാഗങ്ങളിൽ ഓട, സംരക്ഷണഭിത്തി, കലിങ്ക് ബലപ്പെടുത്തൽ എന്നിവയും നവീകരണ പ്രവർത്തികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 10 മാസമാണ് നിർമാണ കാലാവധി. പനവൂർ ഗ്രാമപഞ്ചായത്തിലെ പാണയം ജംഗ്ഷൻ, കോതകുളങ്ങര, ആനാട് ഗ്രാമപഞ്ചായത്തിലെ ടോൾ ജംഗ്ഷൻ, പുത്തൻപാലം എന്നിവിടങ്ങളിൽ സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മവും എം.എൽ.എ നിർവഹിച്ചു.
പാണയം ജംഗ്ഷനിൽ നടന്ന ചടങ്ങിൽ പനവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.മിനി അധ്യക്ഷയായിരുന്നു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്.സുനിത മറ്റ് ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവരും പങ്കെടുത്തു.