അശാസ്ത്രീയ നിർമ്മാണപ്രവർത്തിയാൽ അപകടമരണങ്ങൾ തുടർക്കഥയായ അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ കേന്ദ്ര മന്ത്രി വി മുരളീധരനും വിദഗ്ദ്ധ സംഘവും സന്ദർശനം നടത്തി.
കേന്ദ്രസംഘം മത്സ്യത്തൊഴിലാളി പ്രതിനിധികൾ, തൊഴിലാളി സംഘടനാപ്രതിനിധികൾ സമുദായിക അധ്യക്ഷന്മാർ തുടങ്ങിയവരുമാരി കേന്ദ്ര മന്ത്രി അടങ്ങുന്ന വിദഗ്ധസംഘം ചർച്ചകൾ നടത്തി.
കേന്ദ്ര സഹായത്തോടുകൂടിയാണ് ഹാർബർ നിർമ്മിച്ചതെന്നും, നിലവിലെ സ്ഥിതിക്ക് പരിഹാരം കാണുവാൻ സംസ്ഥാന സർക്കാരിന്റെ പിന്തുണ കൂടി ആവശ്യമാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. കേന്ദ്രം ഈ വിഷയം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും കേന്ദ്ര ഫിഷറീസ് മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് തങ്ങൾ സന്ദർശനം നടത്തുന്നതെന്നും തയ്യാറാക്കുന്ന റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
നിലവിലെ പ്രശ്നങ്ങളും പരിഹാര നിർദ്ദേശങ്ങളും മത്സ്യത്തൊഴിലാളികളിൽ നിന്ന് കേട്ടറിഞ്ഞ മന്ത്രി നിവേദനങ്ങളും സ്വീകരിച്ചു. തുടർന്ന് അടിയന്തിരമായി സ്വീകരിക്കേണ്ട നടപടികളേക്കുറിച്ച് ഉദ്യോഗസ്ഥതലത്തിലും ചർച്ചകൾ നടന്നു.
മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർച്ചയാകുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയും സംഘവും സന്ദർശനം നടത്തിയത്. മത്സ്യത്തൊഴിലാളികളും അനുബന്ധ സംഘടനകളും കേന്ദ്രമന്ത്രിയുടെയും വിദഗ്ധ സംഘത്തിന്റെയും ഈ സന്ദർശനത്തെ വളരെ പ്രതീക്ഷയോടെ കൂടിയാണ് നോക്കിക്കാണുന്നത്.
സംസ്ഥാന ഹാർബർ എൻജിനീയറിങ് വിഭാഗ ഉദ്യോഗസ്ഥർ, വിവിധ മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികൾ, രാഷ്ട്രീയ സാമൂഹികപ്രവർത്തകർ തുടങ്ങിവർ സന്ദർശനത്തിൽ പങ്കെടുത്തു.