വർക്കല അയിരൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

eiO76HF3271

വർക്കല അയിരൂരിൽ വീട്ടമ്മയെ ഭർത്താവിന്റെ ബന്ധുക്കൾ ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. നാലാം പ്രതിയും മുഖ്യപ്രതിയുടെ ഭാര്യയുമായ രഹീനയാണ് അറസ്റ്റിലായത്. ഇന്ന് വൈകിട്ടോടെ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ലീനാമണിക്ക് സംരക്ഷണം നൽകാൻ കോടതി ഉത്തരവ് നിലനിൽക്കെയാണ് ഭർതൃസഹോദരന്മാർ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്. ലീനാമണിയുടെ ഭർത്താവ് സിയാദ് (ഷൈൻ) ഒന്നര വർഷം മുൻപ് മരിച്ചിരുന്നു. ഭർത്താവിന്റെ മരണത്തോടെ അവരുടെ വസ്തുക്കളിൽ സഹോദരങ്ങൾ അവകാശവാദം ഉന്നയിക്കുന്നുണ്ടായിരുന്നു. രണ്ടുമാസം മുൻപ് സിയാദിന്റെ സഹോദരന്മാരിൽ ഒരാളായ അഹദും കുടുംബവും കൂടി ഇവരുടെ വീട്ടിൽ താമസമാക്കിയെന്നാണ് പരാതി. ഇതിന്റെ പേരിൽ പോലീസ് സ്റ്റേഷനിൽ പരാതിയും കൊടുത്തിരുന്നു.

ബന്ധുക്കളിൽനിന്നു സ്ഥിരമായി ഉപദ്രവമുണ്ടായതോടെ ലീനാമണി കോടതിയെ സമീപിച്ച് സംരക്ഷണ ഉത്തരവ് നേടിയിരുന്നു. ശനിയാഴ്ച സംരക്ഷണ ഉത്തരവുമായി പോലീസ് ഇവരുടെ വീട്ടിലെത്തിയിരുന്നു. തുടർന്ന് ഞായറാഴ്ച രാവിലെയാണ് ഭർതൃസഹോദരന്മാരായ അഹദ്, മുഹ്‌സിൻ, ഷാജി എന്നിവർ വീട്ടിലെത്തി ലീനാമണിയെ ആക്രമിച്ചത്. തടയാൻ ശ്രമിച്ച ലീനാമണിയുടെ സഹായി സരസമ്മയ്ക്കും പരിക്കേറ്റു. സംഭവത്തിന് പിന്നാലെ രക്ഷപ്പെട്ട അഹദ്, ഷാജി, മുഹസിൻ എന്നിവർ ഇപ്പോഴും ഒളിവിലാണ്. ഇവർക്കായി വർക്കല കേന്ദ്രീകരിച്ച് വ്യാപകമായ തെരച്ചിൽ നടത്തുകയാണ്.അക്രമികൾ രക്ഷപ്പെട്ട ശേഷം നാട്ടുകാരുടെ സഹായത്തോടെയാണ് ഇരുവരെയും വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. സരസമ്മയുടെ പരിക്കുകൾ സാരമുള്ളതല്ല. ലീനാമണിയുടെ ശരീരത്തിൽ ഇരുമ്പുപട്ട ഉപയോഗിച്ച് ആക്രമിച്ചതിന്റെ പാടുകൾ ഉള്ളതായും കാലിനാണ് കാര്യമായ പരിക്കേറ്റതെന്നും പോലിസും സ്ഥിരീകരിച്ചു. അതിനിടെ, കോടതിയുടെ സുരക്ഷാ ഉത്തരവ് നിലവിലുണ്ടായിട്ടും വീട്ടമ്മ കൊല്ലപ്പെട്ടത് പോലീസിന്റെ വീഴ്ചയാണെന്ന് ലീനാമണിയുടെ ബന്ധുക്കൾ ആരോപിച്ചു.

ലീനാമണിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം വർക്കല വെട്ടൂർ റാത്തിക്കലുള്ള കുടുംബവീട്ടിൽ എത്തിച്ചു. പൊതുദർശനത്തിനുശേഷം താഴെവെട്ടൂർ വലിയ പള്ളിയിൽ കബറടക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!