ആറ്റിങ്ങൽ : ‘പല തുള്ളി പെരുവെള്ളം ‘ എന്ന് മനസ്സിലാക്കി തങ്ങളെ കൊണ്ട് ചെയ്യാൻ കഴിയുന്ന സഹായം ഒരു അമ്മയ്ക്കും മകനും എത്തിക്കാൻ ഒരുങ്ങി ആറ്റിങ്ങൽ തിരുവാതിര മോട്ടോർസ്. ലാഭമോ ശമ്പളമോ ഇല്ലാതെ ഒരു ദിവസം ബസ് ഓടി കിട്ടുന്ന മുഴുവൻ തുകയും ചികിത്സാ സഹായമായി എത്തിക്കുകയാണ് ലക്ഷ്യമെന്ന് തിരുവാതിര മോട്ടോർസ് മാനേജ്മെന്റ് പറയുന്നു. ഇത് ആദ്യമല്ല തിരുവാതിര കാരുണ്യ യാത്ര നടത്തുന്നത്. പാരിപ്പള്ളിയിൽ വൃക്ക തകരാറിലായി ചികിത്സയിൽ കഴിയുന്ന മണിയമ്മ(47), അവരുടെ മകൻ ശരത്(17) എന്നിവരുടെ ചികിത്സയ്ക്ക് സഹായം എത്തിക്കാൻ വേണ്ടിയാണ് നാളെ (19-07-2023) നു കാരുണ്യ യാത്ര നടത്തുന്നത്.
ടിക്കറ്റ് ഇല്ലാതെ ബക്കറ്റു പിരിവ് നടക്കും. യാത്രക്കാർക്ക് ഓരോരുത്തർക്കും തങ്ങളെ കൊണ്ട് കഴിയുന്ന തുക ബക്കറ്റിൽ ഇടാം. എല്ലാം കൂട്ടി ഒരുമിച്ച് കൂട്ടി നല്ലൊരു തുകയായി ആ കുടുംബത്തിന് എത്തിക്കും. ചെറിയ ചെറിയ തുകകൾ കൂട്ടി വലിയ തുക ലഭ്യമാക്കി ഒരു കുടുംബത്തെ രക്ഷിക്കാനുള്ള നാടിന്റെ പരിശ്രമത്തിൽ ഭാഗമാകാൻ യാത്രക്കാരും തയ്യാറാണെന്ന് മാനേജ്മെന്റ് പറയുന്നു.