കര്‍ക്കടക വാവുബലിക്ക് വര്‍ക്കലയില്‍ സര്‍വീസ് നടത്തിയ സ്വകാര്യബസുകള്‍ക്ക്‌ പിഴ

eiU0EZS21022

വർക്കല : കര്‍ക്കടക വാവുബലിക്ക് വര്‍ക്കലയില്‍ സര്‍വീസ് നടത്തിയ സ്വകാര്യബസുകള്‍ക്ക്‌ കൊല്ലം ആര്‍.ടി.ഒ എൻഫോഴ്സ്‌മെന്റ് പിഴ ചുമത്തി.

പ്രൈവറ്റ് ബസുകള്‍ ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി റൂട്ട് തെറ്റിച്ച്‌ സര്‍വീസ് നടത്തിയെന്നാരോപിച്ചാണ് പിഴചുമത്തിയത്. ഇരുപത്തിയെട്ടില്‍പ്പരം ബസുകള്‍ക്ക് 7500 രൂപ വീതമാണ് പിഴ ചുമത്തിയത്.

ബലി കർമങ്ങൾക്ക് എത്തിയ ഏറിയ പേരും സ്വകാര്യ ബസുകളെയും കെ.എസ്.ആര്‍.ടി.സി ബസുകളെയുമാണ് ആശ്രയിച്ചത്. സ്വകാര്യ ബസുകള്‍ വര്‍ക്കല ടൗണില്‍ നിന്ന് ക്ഷേത്രം ജംഗ്ഷനിലേക്ക് 10 രൂപ യാത്രാനിരക്ക് ഈടാക്കിയപ്പോള്‍ 30 ശതമാനം വര്‍ദ്ധനവ് വരുത്തിയാണ് കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തിയതെന്നും ആരോപണമുണ്ട്. 17ന് രാവിലെ 7 വരെ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെയാണ് ബസ് സര്‍വീസ് നടന്നത്. ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ചെയ്ഞ്ച് ആയതോടെ കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥരുടെ നിലപാട് മാറിയെന്നും സ്വകാര്യ ബസ് ജീവനക്കാര്‍ ആരോപിക്കുന്നു. പകരം കെ.എസ്.ആര്‍.ടി.സി ബസില്‍ ജനങ്ങളെ കുത്തിനിറച്ച്‌ സര്‍വീസ് നടത്തി. നഗരസഭയുടെ മേല്‍നോട്ടത്തില്‍ ആര്‍.ടി.ഒ, പൊലീസ്, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രതിനിധികള്‍,വ്യാപാരി വ്യവസായി സംഘടനകള്‍ എന്നിവരെ ഉള്‍പ്പെടുത്തിഗതാഗത നിയന്ത്രണത്തെക്കുറിച്ച്‌ ചര്‍ച്ച നടത്തുകയും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്ന നടപടികള്‍ ഇത്തവണ ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്. മാദ്ധ്യമങ്ങളിലൂടെ മാത്രമാണ് ഗതാഗത നിയന്ത്രണ ക്രമീകരണങ്ങള്‍ അറിഞ്ഞതെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ക്രമീകരണങ്ങളെക്കുറിച്ച്‌ വ്യക്തത നല്‍കാൻ തയ്യാറായില്ലെന്നും ബസ് ഉടമകള്‍ പറയുന്നു.

പൊലീസിന്റെ ഗതാഗത നിയന്ത്രണപ്രകാരം വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുന്നമൂട് വഴി വര്‍ക്കല ക്ഷേത്രം ജംഗ്ഷനില്‍ എത്തിച്ചേര്‍ന്ന ബസുകള്‍ക്ക് പിഴ ചുമത്തിയ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് തിരുവനന്തപുരം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രതിനിധികള്‍ അറിയിച്ചു. ചെക്ക് റിപ്പോര്‍ട്ട് നല്‍കി പിഴ ചുമത്തിയ നടപടി ആര്‍.ടി.ഒ അധികാരികള്‍ ഒഴിവാക്കണമെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജയറാം ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!