കണിയാപുരം : മണിപ്പൂർ ക്രിസ്ത്യൻ ഉന്മൂലനം അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് ആസൂത്രിത വംശഹത്യക്കെതിരെ വെൽഫെയർ പാർട്ടി പള്ളിനട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വംശീയ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു. KLCWA രൂപത പ്രസിഡൻറ് ജോളി പത്രോസ് ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി ചിറയിൻകീഴ് മണ്ഡലം പ്രസിഡൻറ് അനസ് എം ബഷീർ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ശഹീർജി അഹമ്മദ്,വാർഡ് മെമ്പർ ടി സഫീർ,ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ പ്രസിഡൻറ് അംജദ് റഹ്മാൻ എന്നിവർ സംസാരിച്ചു. മണിപ്പൂരിൽ രണ്ട് മാസമായി ക്രൈസ്തവർക്കും ഗോത്രവർഗ്ഗക്കാർക്കും നേരെ വംശീയ ആക്രമണം തുടർന്നുകൊണ്ടിരിക്കുകയാണ്. വടക്ക് – കിഴക്കൻ സംസ്ഥാനങ്ങളിൽ വംശീയ ആക്രമണങ്ങളും വർധിക്കുകയാണ്. അധികാരം നേടാനും നിലനിർത്താനും ഭിന്നിപ്പും സാമൂഹിക ധ്രുവീകരണവും ഉണ്ടാക്കുകയും വംശീയ ആക്രമണങ്ങൾ നടത്തുകയും ചെയ്യുക എന്നത് പതിവ് പദ്ധതിയാണ്. മുസ്‌ലിം സമൂഹത്തിനെതിരെ ഉപയോഗിച്ചുവരുന്ന ഈ ആക്രമണോത്സുകത ഇപ്പോൾ ക്രൈസ്തവ സമൂഹത്തിന് നേരേക്കൂടി പ്രയോഗിക്കുകയാണെന്നും പ്രതിരോധ സദസ്സ് അഭിപ്രായപെട്ടു. പ്രതിരോധ സദസ്സിൽ ഫൈസൽ പള്ളിനട സ്വാഗതവും ,യൂണിറ്റ് പ്രസിഡൻ്റ് നിസാമുദ്ദീൻ നന്ദിയും പറഞ്ഞു. റാഷിദ്,സൽമാൻ,കൾഫാൻ,ആരിഫ് എന്നിവർ നേതൃത്വം നൽകി.