തിരുവനന്തപുരം : പ്രൈമറി മുതൽ ഹയർ സെക്കണ്ടറി തലം വരെ ജോലി ചെയ്യുന്ന ദിവസവേതന അധ്യാപകരുടെ ശമ്പളം ഉടൻ വിതരണം ചെയ്യണമെന്ന് കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലയിലാകമാനം നൂറ് കണക്കിന് അദ്ധ്യാപകരുടെ ജൂൺ മാസത്തെ ശമ്പളം ഇത് വരെ ലഭിച്ചിട്ടില്ല. സ്പാർക്കിൽ ബിൽ തയ്യാറാക്കുന്ന സോഫ്റ്റ്‌വെയറിൽ മനപൂർവ്വമായി ബിൽ എടുക്കുന്നത് തടഞ്ഞിരിക്കുന്നതായി കെപിഎസ്ടിഎ ആരോപിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം പൊറുതി മുട്ടിയിരിക്കുന്ന സാഹചര്യത്തിൽ ഹയർ സെക്കന്ററി പാഠപുസ്തകങ്ങളുടെ വില കൂടി വർദ്ധിപ്പിച്ച നടപടി കുട്ടികളോടും രക്ഷിതാക്കളോടുമുള്ള വെല്ലുവിളിയാണ്. അടിയന്തിരമായി വിലവർദ്ധന പിൻവലിക്കണമെന്നും ദിവസ വേതനക്കാരുടെ ശമ്പളം നൽകുന്നതിനുള്ള നടപടി കൈക്കൊള്ളണമെന്നും കെപിഎസ്ടിഎ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പ്രദീപ് നാരായൺ അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ എൻ. രാജ്മോഹൻ, അനിൽ വെഞ്ഞാറമൂട്, സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായ ജി.ആർ. ജിനിൽജോസ് , ആർ. ശ്രീകുമാർ, ബിജു തോമസ്, പ്രിൻസ് നെയ്യാറ്റിൻകര, ജെ.സജീന, എൻ. സാബു, എ.ആർ. ഷമീം, ജെ. നിസാറുദ്ദിൻ, ഡി.സി. ബൈജു, ജില്ലാ സെക്രട്ടറി സി.ആർ.ആത്മ കുമാർ, ജില്ലാ ട്രഷറർ ബിജു ജോബായ് എന്നിവർ സംസാരിച്ചു.