ആലംകോട്ട് ഇലക്ട്രിക് പോസ്റ്റിലേക്ക് കാർ ഇടിച്ചുകയറി അപകടം, ഡ്രൈവർ എംഡിഎംഎയുമായി അറസ്റ്റിൽ

ei1779P44623

ആലംകോട് : ആലംകോട്ട് ഇലക്ട്രിക് പോസ്റ്റിലേക്ക് കാർ ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ ഡ്രൈവറെ എംഡിഎംഎയുമായി അറസ്റ്റ് ചെയ്തു. പാലക്കാട് കോങ്ങാട് കരിമ്പ് എടക്കുറിശ്ശി കപ്പടം തുണ്ടത്തിൽ വീട്ടിൽ ഫ്രാൻസിസ് (27) നെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രി 10:15 മണിയോടെ ദേശീയ പാതയിൽ ആലംകോട് പുളിമൂട് ജംഗ്ഷനു സമീപമാണ് അപകടം നടന്നത്. അമിത വേഗതയിൽ കൊല്ലം ഭാഗത്ത്‌ നിന്ന് വന്ന ഇന്നോവ കാർ റോഡ് വശത്തെ ഇലക്ട്രിക് പോസ്റ്റിലും മതിലിലും ഇടിച്ച് പോസ്റ്റ്‌ ഒടിഞ്ഞ് വാഹനത്തിന് മുകളിലേക്ക് വീഴുകയും ഇലക്ട്രിക് ലൈനുകൾ പൊട്ടി റോഡിലേക്ക് വീഴുകയും ചെയ്തു. വൻ അപകടമാണ് നടന്നത്. അപകടത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെടുകയും പ്രദേശത്ത് മണിക്കൂറോളം വൈദ്യുതി പൂർണമായും നിലയ്ക്കുകയും ചെയ്തു. തുടർന്ന് ആറ്റിങ്ങൽ പോലീസ് സംഘം സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനം പരിശോധന നടത്തി. വാഹനത്തിൽ ഡ്രൈവർ ഫ്രാൻസിസ് മാത്രമാണ് ഉണ്ടായിരുന്നത്. ഇയാളിൽ നിന്നും മാരക ലഹരി മരുന്നായ എംഡിഎംഎയും കഞ്ചാവും കണ്ടെടുത്തു.
തുടർന്ന് ഇയാളെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് സ്റ്റേഷനിൽ എത്തിയ പ്രതി മാധ്യമങ്ങൾക്ക് മുന്നിൽ നാടിനു വേണ്ടി എന്തോ ധീര പ്രവർത്തനം ചെയ്ത ഭാവത്തിലാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഒരു രാത്രി ഒരു നാട് മുഴുവൻ ഇരുട്ടിലാക്കി, മതിലും പോസ്റ്റും തകർത്ത് റോഡും ബ്ലോക്ക് ആക്കി ഫയർ ഫോഴ്‌സിനെയും പോലീസിനെയും കെഎസ്ഇബി ജീവനക്കാരെയും വളരെ അധികം ബുദ്ധിമുട്ടിച്ചതിലോ ലക്ഷങ്ങൾ വിലയുള്ള വാഹനം നശിച്ചതിലോ ഒന്നും പ്രതിക്ക് യാതൊരു പരിഭവമോ ഇല്ല. അപകടത്തിൽ പെട്ട കാർ ടാക്സി വാഹനമാണ്.

ആറ്റിങ്ങൽ പോലീസ് ഇൻസ്പെക്ടർ തൻസീം അബ്ദുൽ സമദ്, പോലീസ് സബ് ഇൻസ്പെക്ടർ മനു, സിപിഒ മാരായ ഷിനു,സെയ്ദലി ഖാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!