പഴകുറ്റി – മംഗലപുരം റോഡ് വികസനത്തിന്റെ ഭാഗമായി പഴകുറ്റി മുതൽ മുക്കപ്പാലംമൂട് വരെയുള്ള ആദ്യറീച്ചിൽ ഭൂമിയേറ്റെടുത്ത 52 പേർക്കുള്ള നഷ്ടപരിഹാര വിതരണം ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. 1, 64,69,871 രൂപയാണ് വിതരണം ചെയ്തത്. ഭൂമിയുടെ രേഖകൾ സമർപ്പിച്ച എല്ലാവർക്കും ഓണത്തിന് മുമ്പ് നഷ്ടപരിഹാരം ലഭിച്ചുവെന്ന് ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. കൃത്യമായ നഷ്ടപരിഹാരം നൽകി ഭൂമിയേറ്റെടുക്കൽ പൂർത്തിയാക്കിയതിന് ശേഷമേ പഴകുറ്റി – മംഗലപുരം പാതയുടെ രണ്ടും മൂന്നും റീച്ചുകളിലെ ടെണ്ടർ നടപടികളിലേക്ക് കടക്കൂ. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഭൂമി വിട്ടുനൽകുന്നവർക്ക് കൃത്യമായ നഷ്ടപരിഹാരം ലഭിക്കുമെന്നതിന് തെളിവാണ് ഇന്നത്തെ ചടങ്ങെന്നും മന്ത്രി കൂട്ടിചേർത്തു. ഏറ്റെടുത്ത ഭൂമിയുടെ രേഖകൾ റോഡ് നിർമാണ ചുമലയുള്ള കെ. ആർ. എഫ്. ബി ഉദ്യോഗസ്ഥർക്ക് മന്ത്രി കൈമാറി. നെടുമങ്ങാട് മുൻസിപ്പൽ ടൗൺഹാളിൽ നടന്ന ചടങ്ങിൽ നെടുമങ്ങാട് മുൻസിപ്പാലിറ്റി അധ്യക്ഷ എസ് ശ്രീജ അധ്യക്ഷയായി. ജില്ലാ കളക്ടർ ജെറോമിക് ജോർജ്, ഡെപ്യൂട്ടി കളക്ടർ ജേകബ് സഞ്ജയ് ജോൺ തുടങ്ങിയവരും സന്നിഹിതരായി. ഒന്നാംറീച്ചിൽ 175 ഭൂവുടമകളിൽ നിന്നായി 26.9 ആർ ഭൂമിയാണ് റോഡ് വികസനത്തിനായി ഏറ്റെടുക്കേണ്ടത് . ഇതിൽ 10.31 ആർ ഭൂമിയുടെ രേഖകൾ കെ. ആർ.എഫ്. ബിക് കൈമാറി. ബാക്കി ഭൂമി ഘട്ടംഘട്ടമായി ഏറ്റെടുക്കും.