പനപ്പാംകുന്ന് ഗവൺമെന്റ് എൽ.പി.സ്കൂളിൽ പൂർവ വിദ്യാർഥി കൂട്ടായ്മ ആധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ച സ്മാർട്ട് ക്ലാസ് മുറിയും പുതുതായി നിർമിച്ച പ്രവേശന കവാടവും ഒ.എസ്. അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പൂർവ വിദ്യാർഥി സംഘടന പ്രസിഡൻറ് കെ. ജഗദീശ്ചന്ദ്രൻ ഉണ്ണിത്താൻ അധ്യക്ഷനായി . പുതുതായി നിർമിച്ച പ്രവേശന കവാടം കിളിമാനൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ടി.ആർ.മനോജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പൂർവാധ്യാപകരെ ആദരിച്ചു.
114 വർഷം പഴക്കമുളളതാണ് പനപ്പാംകുന്ന് ഗവൺമെന്റ് എൽ.പി.എസ്. സാമൂഹ്യ- സാമ്പത്തിക പിന്നോക്കസ്ഥയിലുള്ള ഒട്ടേറെ കുട്ടികൾ പഠിക്കുന്ന സ്കൂളിന് മൂന്നു ലക്ഷത്തിലേറെ രൂപ ചെലവിട്ടാണ് പൂർവ വിദ്യാർഥി കൂട്ടായ്മ സ്മാർട്ട് ക്ലാസ് മുറിയും കമനീയമായ പ്രവേശന കവാടവും ഒരുക്കിയത്.ശീതീകരിച്ച മുറിയിൽ ശിശു സൗഹൃദ ഫർണിച്ചർ, പഠിക്കാനും കളിയ്ക്കാനുമുള്ള ഉപകരണങ്ങൾ, അകത്തും പുറത്തുമായി ആലേഖനം ചെയ്ത മനോഹര വർണ്ണ ചിത്രങ്ങൾ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. സ്കൂളിലെ പഠന-ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പദ്ധതികളുടെ ഭാഗമായാണ് പുതിയ സൗകര്യങ്ങൾ ഒരുക്കുന്നതെന്ന് പൂർവ വിദ്യാർഥി കൂട്ടായ്മ അധ്യക്ഷൻ കെ. ജഗദീശ്ചന്ദ്രൻ ഉണ്ണിത്താൻ പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തിൽ പൂർവ വിദ്യാർഥി സംഘടന രക്ഷാധികാരിയും , മടവൂർ ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ സി.രവീന്ദ്രൻ ഉണ്ണിത്താൻ,കിളിമാനൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ഗിരിജ, അംഗങ്ങളായ കൊട്ടറ മോഹൻ കുമാർ, ടി.ആർ.സുമാദേവി, എ.ഇ.ഒ വി.എസ്.പ്രദീപ്, ബി.പി.സി ടി.വിനോദ്,പി.രാജേന്ദ്രൻ ശബരി
തുടങ്ങിയവർ സംസാരിച്ചു.