കല്ലമ്പലം : മണമ്പൂരിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ റോഡിന്റെ ശോചനീയാവസ്ഥയാണ് അപകട കാരണമെന്ന് നാട്ടുകാർ. മണമ്പൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ, കടുവയിൽ തോട്ടയ്ക്കാട് സൗഹൃദ റസിഡന്റ്‌സ് റോഡിൽ ഇന്നലെ രാത്രി 11. ന് ഓട്ടോ ഓടിക്കവേ മണമ്പൂർ വലിയവിള പൊയ്കയിൽ മനോജ് (ബിജു -45) കുണ്ടും കുഴിയും നിറഞ്ഞ റോഡിന്റെ അരികിലെ ഓടയിൽ മറിഞ്ഞ ഓട്ടോയ്ക്കടിയിൽപെട്ടു മരണപ്പെട്ടു. അപകടം നടന്നുടനെ സഹായത്തിനാരും ഇല്ലാതെ കിടന്ന മനോജിനെ കടുവയിൽ കാറ്ററിങ് കമ്പനി തൊഴിലാളികൾ ചത്താൻപാറ സ്വകാര്യ ആശുപത്രിയിലും അവിടുന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മനമ്പൂർ പഞ്ചായത്തിലെ തന്നെ ഏറ്റവും പഴയ ഈ റോഡിൽ അറ്റകുറ്റപ്പണികൾ നടത്തിയിട്ടു 10 വർഷത്തിലധികമായതിനാൽ ഇരു വശവും അടർന്നു പലസ്ഥലത്തും കുണ്ടും കുഴിയുമായി കിടക്കുന്ന ഈ വീതികുറഞ്ഞ പാതയിലൂടെ ഇരു ചക്ര-മുച്ചക്ര വാഹനങ്ങളുടെ ഓട്ടം ജീവൻ പണയം വെച്ചാണെന്ന് സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളും നാട്ടുകാരും പരാതിപ്പെടുന്നു. മണമ്പൂർ – പുത്തെൻകോട് പ്രദേശത്തുള്ളവർ ദേശീയ പാതയിൽ എത്താൻ ഉപയോഗിക്കുന്ന പ്രധാന പാതയണിത്.
ഇനിയും ഒരു ജീവൻ പൊലിയുന്നതു വരെ കാത്തു നില്കാതെ അധികാരികൾ റോഡ് പുനർ നിർമാണം ത്വരിതപ്പടുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.