ആലംകോട്: ആലംകോട് കടവിളയിൽ രണ്ട് അപകടങ്ങളിലായി രണ്ട് പേർ മരിച്ചു. ആലംകോട് വഞ്ചിയൂർ കട്ടപ്പറമ്പ്, ഊറ്റുകുഴി വീട്ടിൽ മോഹനന്റെ മകൻ വിഷ്ണു (24), വഞ്ചിയൂർ പുല്ലുതോട്ടം ചരുവിള വീട്ടിൽ സത്യൻ (80) എന്നിവരാണ് മരിച്ചത്. ഒരു മണിക്കൂറിനിടെ അടുത്തടുത്ത് ആണ് രണ്ട് അപകടങ്ങളും നടന്നത്.
ഇന്ന് വൈകുന്നേരം 7 മണി കഴിഞ്ഞ് ആലംകോട് നഗരൂർ റോഡിൽ കടവിള ജംഗ്ഷനു സമീപം ബൈക്കും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചാണ് ആദ്യ അപകടം നടന്നത്. അപകടത്തിൽ ബൈക്ക് യാത്രികനായ വിഷ്ണുവിന് ഗുരുതരമായി പരിക്കേൽക്കുകയും ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു. ആലംകോട് ഭാഗത്തേക്ക് വന്ന തിരുവാതിര ബസ്സിലേക്ക് എതിർ ദിശയിൽ വിഷ്ണു വന്ന ബൈക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ബസ് ഇടതു വശത്തെ ട്രാക്കിൽ തന്നെയാണ് ഉള്ളത്. ബസിന്റെ ഡ്രൈവർ കാബിന്റെ അടിയിലേക്കാണ് ബൈക്ക് ഇടിച്ചു കയറിയത്.
ഒരു മണിക്കൂറിനിടെ 8 മണി കഴിഞ്ഞാണ് രണ്ടാമത്തെ അപകടം നടന്നത്. കടവിള ജംഗ്ഷനു സമീപത്ത് വെച്ച് ആലംകോട് ഭാഗത്തേക്ക് പോയ ഓട്ടോ കാൽനടയാത്രക്കാരനായ സത്യനെ ഇടിച്ചിട്ടു. പരിക്കേറ്റ സത്യനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.റോഡ് വശത്തു കൂടി നടന്നു പോയ സത്യനെ പിറകിൽ നിന്ന് വന്ന ഓട്ടോ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഈ പ്രദേശത്ത് തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ വാഹനം അടുത്ത് എത്തുമ്പോൾ മാത്രമാണ് കാൽ നട യാത്രക്കാരെ കാണുന്നതെന്ന് നാട്ടുകാർ പറയുന്നു. നിരവധി തവണ നാട്ടുകാർ തെരുവ് വിളക്കുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ടവർ അതിന് തയ്യാറാകുന്നില്ലെന്നും നാട്ടുകാർ ആക്ഷേപിക്കുന്നു.
								
															
								
								
															
				

