ഹിരോഷിമ നാഗസാക്കി ദിനങ്ങളോടനുബന്ധിച്ച് മടവൂർ സി.എൻ.പി.എസ്.യു.പി.എസ്-ലെ വിദ്യാർത്ഥികളും അധ്യാപകരും പി.ടി.എ-യേയും ചേർന്ന് യുദ്ധവിരുദ്ധറാലിയും കയ്യൊപ്പ് ശേഖരണവും നടത്തി. നാഗസാക്കി ദിനത്തിൽ സ്കൂൾ അങ്കണത്തിൽ ചേർന്ന പ്രത്യേക അസംബ്ലിയിൽ എം.പി.ടി.എ. അംഗം ദിവ്യ ഉണ്ണികൃഷ്ണൻ വരച്ച യുദ്ധവിരുദ്ധ ചിത്രവും, പ്രതിജ്ഞയും അലേഖനം ചെയ്ത ബാനറിൽ വിദ്യാർഥികൾ അധ്യാപകർ പി.ടി.എ. അംഗങ്ങൾ തുടങ്ങിയവർ ചേർന്ന് കയ്യൊപ്പ് രേഖപ്പെടുത്തി. വിദ്യാർത്ഥി പ്രതിനിധി അമൽ സജാദ് സ്വാഗതം ആശംസിച്ച ചടങ്ങിൽ, പി.ടി.എ. പ്രസിഡണ്ട് എൻ.കെ. രാധാകൃഷ്ണൻ മടവൂർ, ലോകം നേരിടുന്ന യുദ്ധഭീതികളെക്കുറിച്ചും തലമുറകളുടെ സ്വപ്നങ്ങൾക്ക് ചിറകരിയുന്ന ഹിരോഷിമ നാഗസാക്കികൾ ഇനി ഉണ്ടാകാതിരിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ചും കുട്ടികളെ ബോധ്യപ്പെടുത്തിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. പ്രഥമാധ്യാപിക നിഷാ ഖാൻ യുദ്ധവിരുദ്ധ പ്രതിജ്‌ഞ ചൊല്ലി. എം.പി.ടി.എ പ്രസിഡൻറ് ഷമീന സജാദ് സീനിയർ അസിസ്റ്റന്റ് ലത വി. എന്നിവർ ആശംസകളും സ്റ്റാഫ് സെക്രട്ടറി ഹരിപ്രസാദ് നന്ദിയും രേഖപ്പെടുത്തി.