നന്ദിയോട് : ആനകുളം കമ്ബിപ്പാലത്തിന് സമീപം (ആറ്റരികത്ത് ) സ്വകാര്യവസ്‌തുവില്‍ കൃഷി ചെയ്യുന്നതിനായി ഹിറ്റാച്ചി ഉപയോഗിച്ച് പ്ലാറ്റ്ഫോം നിര്‍മ്മിക്കുന്നതിനിടെ പാറക്കല്ല് തലയില്‍ വീണ് തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം.
ആനകുളം ചന്ദ്രവിലാസത്തില്‍ ഗോപിനാഥൻ നായരാണ് (82) സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചത്. നന്ദിയോട് മുൻ ഗ്രാമപഞ്ചായത്തംഗം ഇന്ദിരയുടെ പുരയിടത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളോടൊപ്പം ജോലി ചെയ്യവേ ഇന്നലെ ഉച്ചയ്‌ക്ക് 12.45ഓടെയായിരുന്നു അപകടം. മണ്ണിടിക്കുന്നതിന് 300 അടിയോളം താഴെയാണ് തൊഴിലാളികളുണ്ടായിരുന്നത്. ഹിറ്റാച്ചി ഡ്രൈവര്‍ക്ക് ഈ സ്ഥലം കാണാൻ കഴിയില്ലായിരുന്നു. പാറ തെറിച്ചുവീഴുന്നത് തൊഴിലാളികളുടെയും ശ്രദ്ധയില്‍പ്പെട്ടില്ല.
വലിയ പാറക്കല്ല് ഗോപിനാഥൻ നായരുടെ തലയിലാണ് തെറിച്ചുവീണത്. തൊഴിലാളികളുടെ നിലവിളി കേട്ട് സമീപവാസി ഓടിയെത്തിയെങ്കിലും പ്രധാന വഴിയിലെത്താനുള്ള വഴി ഇടുങ്ങിയതിനാല്‍ വാഹനത്തിലെത്തിക്കാൻ 500 മീറ്ററിലധികം ദൂരം ഇദ്ദേഹത്തെ പുതപ്പിലാണ് കൊണ്ടുപോയത്. ഗോപിനാഥൻ നായരുടെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ച ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പാലോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പദ്മാവതി അമ്മയാണ് ഭാര്യ. ചന്ദ്രൻ, സുരേന്ദ്രൻ, സുനില്‍കുമാര്‍ എന്നിവരാണ് മക്കള്‍