ആറ്റിങ്ങൽ :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യുണിറ്റ് വാർഷിക പൊതുസമ്മേളനവും ഓണക്കിറ്റ് വിതരണവും ഓഗസ്റ്റ് 14ന് നടക്കും. രാവിലെ 10 മണിമുതൽ ആറ്റിങ്ങൽ കച്ചേരിനട ഇന്നു പ്ലാസ്സയിലാണ് പരിപാടി നടക്കുന്നതെന്ന് ആറ്റിങ്ങൽ വ്യാപാര ഭവനിൽ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ മേഖല ഭാരവാഹികളുടെ സാന്നിധ്യത്തിൽ യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര, സംസ്ഥാന വൈസ് പ്രസിഡന്റും തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമായ പെരിങ്ങമല രാമചന്ദ്രൻ, എം.പി. അടൂർ പ്രകാശ്, ഒ.എസ്. അംബിക എംഎൽഎ , ജില്ലാ ജനറൽ സെക്രട്ടറി വൈ.വിജയൻ, ജില്ലാ ട്രഷറർ ധനീഷ് ചന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റും മേഖലാ പ്രസിഡന്റുമായ ബി.ജോഷിബാസു, ജില്ലാ മേഖല യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.
കേരളത്തിലെ വ്യാപാര മേഖല ഇന്ന് നിരവധി പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്.ഉയർന്ന കടവാടക, ജി.എസ്.റ്റി.യുടെയും മറ്റ് നികുതികളുടെയും, ഫുഡ് സേഫ്റ്റി നിയമങ്ങളുടെയും പേരിലുള്ള ഉദ്യോഗസ്ഥ പീഡനം, ലൈസൻസിന്റെയും തൊഴിൽ നികുതിയുടെയും കെട്ടിട നികുതിയുടെയും ഹരിതനിയമങ്ങളുടെയും മറ്റും പേര് പറഞ്ഞുള്ള പ്രാദേശീയ സ്വയംഭരണ സ്ഥാപനങ്ങളുടെ നിരന്തര വേട്ടയാടൽ, ഒരു നിയമങ്ങളും ബാധ കമല്ലതെ വർദ്ധിച്ചുവരുന്ന വഴിയോര കച്ചവടം ഇതിനെയെല്ലാം അതിജീവിച്ചു കൊണ്ട് രാജ്യത്തെ ഏറ്റവും വലിയ സ്വയംതൊഴിൽ സംരംഭമായ ചെറുകിട വ്യാപാര മേഖലയ്ക്ക് എത്രകാലം മുന്നോട്ടുപോകും എന്നത് വലിയ വെല്ലുവിളിയായി മാറുകയാണെന്ന് മേഖല പ്രസിഡന്റ് ജോഷി ബാസു പറഞ്ഞു. കൂടാതെ
കോവിഡ് മഹാമാരികാലത്തെ മുതലെടുത്ത് സാധാരണക്കാരിലേക്ക് പട്ടണങ്ങളിൽ നിന്നും നാട്ടിൻ പുറങ്ങളിലേക്ക് പോലും ബ്രാഞ്ചുകൾ സ്ഥാപിച്ചുകൊണ്ടിരിക്കുന്ന വൻകിട മാളുകളും, ഇതെല്ലാം രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുന്ന ജനങ്ങളുടെ മാറിയ ഉപഭോക്തൃ സംസ്ക്കാരം, ഓൺലൈൻ വ്യാപാരം, ഉദ്യോഗസ്ഥരുടെയും അധികാരികളുടെയും നിസ്സഹകരണം മൂലം ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ, കെഎസ്ഇബി വലിയ തുക ബില്ലായും ഡെപ്പോസിറ്റ് തുകയായും വീണ്ടും വീണ്ടും അടയ്ക്കാൻ ആവശ്യപ്പെടുന്നെന്നും തുടങ്ങിയവയ്ക്ക് പരിഹാരം കാണുന്നതിന് ചർച്ചകൾ നടത്തുന്നതിന്റെ ഭാഗമായാണ് ആറ്റിങ്ങലിൽ യൂണിറ്റ്തല പൊതുയോഗവും സമ്മേളനവും സംഘടിപ്പിക്കുന്നതെന്ന് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മേഖല പ്രസിഡന്റ് ജോഷി ബാസു, യൂണിറ്റ് പ്രസിഡന്റ് പൂജ ഇഖ്ബാൽ, യൂണിറ്റ് സെക്രട്ടറി കണ്ണൻ ചന്ദ്ര പ്രെസ്സ്, യൂണിറ്റ് ട്രഷറർ അനിൽകുമാർ ബി, വിവിധ യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.