തിരുവനന്തപുരം : ഫേസ് ബുക്ക് പോലെയുള്ള നവമാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ടശേഷം പണംതട്ടുന്ന യുവതിയെയും യുവാവിനെയും പെരുമ്പെട്ടി പൊലീസ് പിടികൂടി. കോട്ടയം പാമ്പാടി കൂരോപ്പട മേച്ചേരിക്കാട്ട് രേണുമോൾ (24), കണിയാപുരം ചാന്താങ്കര പുന്നവീട്ടിൽ സുരേഷ് (28) എന്നിവരാണ് അറസ്റ്റിലായത്. എഴുമറ്റൂർ സ്വദേശി ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലായിരുന്നു അന്വേഷണം. ചാറ്റിങ്ങിലൂടെ ആളുകളുമായി അടുപ്പത്തിലാകുന്ന പ്രതികൾ ഫോട്ടോ ആവശ്യപ്പെടും. പിന്നീട് അത് മോർഫ് ചെയ്ത് അശ്ലീലചിത്രമാക്കിയ ശേഷം പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തും.
ഇങ്ങനെയാണ് പണം തട്ടിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. പരാതിക്കാരനായ എഴുമറ്റൂർ സ്വദേശിയോട് പണം പാമ്പാടിയിലെ എസ്.ബി.ഐ. അക്കൗണ്ടിലേക്ക് ഇടാനാണ് ആവശ്യപ്പെട്ടത്. എം.ടി.എം കാമറ നിരീക്ഷിച്ച പൊലീസ്, ഇവിടെ നിന്ന് പണമെടുത്തത് രേണുമോളാണെന്ന് കണ്ടെത്തി. രേണുമോളുടെ മുത്തച്ഛന്റേതാണ് അക്കൗണ്ട് . സ്ഥിരമായി ചാറ്റ് ചെയ്യാറുള്ള സുരേഷുമായി നല്ല ബന്ധത്തിലാണെന്നും ഇയാൾ പറഞ്ഞതനുസരിച്ചാണ് പണമെടുത്തതെന്നും രേണുമോൾ പൊലീസിനോട് പറഞ്ഞു. ഫോൺ കോളുകൾ പരിശോധിച്ച് കണിയാപുരത്തു നിന്നാണ് സുരേഷിനെ പിടികൂടിയത്. സ്ത്രീകളുടെ ശബ്ദം അനുകരിക്കാൻ വിദഗ്ദനാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ പണം കൈമാറിയതിന്റെ തെളിവുകൾ ലഭിച്ചു. തട്ടിയെടുത്ത പണം പങ്കിട്ടെടുത്തതായും കണ്ടെത്തി. പ്രതികളെ കോടതി റിമാൻഡ്‌ചെയ്തു.