തിരുവനന്തപുരം: പത്താമത് എസ് എസ് എഫ് സാഹിത്യോത്സവ് അവാർഡ് എഴുത്തുകാരനും പാർലമെന്റ് അംഗവുമായ ഡോ. ശശി തരൂരിന് സമ്മാനിച്ചു. സാഹിത്യോത്സവ് നഗരിയിൽ നടന്ന പ്രത്യേക ചടങ്ങിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാരാണ് പുരസ്‍കാരം നൽകിയത്. അമ്പതിനായിരത്തി ഒന്ന് രൂപയും ശിലാഫലകവുമാണ് അവാര്‍ഡ്. ഇന്ത്യന്‍ ജനാധിപത്യത്തെയും മതേതരത്വത്തെയും കുറിച്ചുള്ള അടിസ്ഥാനപരമായ ആലോചനകളെ പുതിയ കാലത്തു പരിചയപ്പെടുത്തുന്നതിലും പ്രചരിപ്പിക്കുന്നതിലും സവിശേഷ പങ്കു വഹിച്ച അദ്ദേഹത്തിന്റെ രചനകളെ മുൻ നിർത്തിയാണ് അവാർഡിന് തിരഞ്ഞെടുത്തത്.
നമ്മുടെ രാജ്യം ഇപ്പോൾ കടന്നു പോകുന്ന അവസ്ഥയെ മറികടക്കാൻ ശശി തരൂരിനെ പോലുള്ള ആളുകൾ രംഗത്ത് ഉണ്ടാകണമെന്ന് ഉദ്ഘാടന ഭാഷണത്തിൽ പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തെയും അതിനെ നിലനിർത്തുന്ന മഹത്തായ ആശയങ്ങളായ ജനാധിപത്യം, സഹിഷ്ണുത, സഹവർത്തിത്വം, സാഹോദര്യം, സ്നേഹം, അനുകമ്പ തുടങ്ങിയവയെ പുതിയ കാലത്തിനു പരിചയപ്പെടുത്താനും പ്രചരിപ്പിക്കാനും ശശി തരൂരിനെ പോലുള്ളവരുടെ പരിശ്രമം വലിയ ഗുണം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സുൽത്താനുൽ ഉലമ കാന്തപുരം അബൂബക്കർ മുസ്ലിയാർ ഓൺലൈനിൽ സന്ദേശം നൽകി. സയ്യിദ് മുനീറുൽ അഹ്ദൽ അദ്ധ്യക്ഷത വഹിച്ചു. രിസാല മാനേജിംഗ് എഡിറ്റർ എസ്. ശറഫുദ്ദീൻ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. ഗതാഗത മന്ത്രി ആന്റണി രാജു, രമേശ് ചെന്നിത്തല, വെങ്കിടേഷ് രാമകൃഷ്ണൻ, എ. സൈഫുദ്ദീൻ ഹാജി, സിദീഖ് സഖാഫി നേമം, സി.ആർ കുഞ്ഞു മുഹമ്മദ്, ഡോ. എം.എസ് മുഹമ്മദ് പ്രസംഗിച്ചു