ആറ്റിങ്ങൽ: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ആറ്റിങ്ങൽ നഗരസഭയിൽ രാവിലെ 8 ന് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ദേശീയ പതാക ഉയർത്തി.ഒത്തൊരുമയുടെയും സാഹോദര്യത്തിന്റെയും സമഭാവനയുടെയും സന്ദേശം എല്ലാപേരും ഉൾക്കൊള്ളണണമെന്ന് സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ ചെയർപേഴ്സൺ പറഞ്ഞു. വൈസ് ചെയർമാൻ ജി.തുളസിധരൻ പിള്ള, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, കക്ഷി നേതാക്കൾ, കൗൺസിലർമാർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.
നഗരസഭ സെക്രട്ടറി കെ.എസ്.അരുൺ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി മേരി മാട്ടി മേരാ ദേശ് സന്ദേശം നൽകി. ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, ഗവ.ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകൾ പരേഡ് സല്യൂട്ട് നൽകി.
വസുധ വന്ദന്റെ ക്യാമ്പയിന്റെ ഭാഗമായി ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, ഗവ.ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ, അവനവഞ്ചേരി ഹൈസ്സ്കൂൾ, വലിയകുന്ന് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലായി 75 വൃക്ഷതൈകൾ നട്ട് അമൃത് വാടിക ഒരുക്കി. വിപുലമായ പരിപാടികളോടെയാണ് ആറ്റിങ്ങൽ നഗരസഭ രാജ്യത്തിന്റെ 77-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചത്.