ആറ്റിങ്ങൽ : ആറ്റിങ്ങലിൽ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ച യുവാവിന്റെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം. വക്കം സ്വദേശി അപ്പു എന്നു വിളിക്കുന്ന ശ്രീജിത്ത് (25) ആണ് മരിച്ചത്. ആറ്റിങ്ങൽ ആനുപാറയിലാണ് സംഭവം നടന്നത്.
കഴിഞ്ഞദിവസം രാത്രി 11 മണിയോടെ രണ്ടുപേർ ബൈക്കിൽ ഗുരുതരമായ പരിക്കേറ്റ അവസ്ഥയിൽ ശ്രീജിത്തിനെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പരിശോധിച്ച ഡോക്ടർ ശ്രീജിത്തിന്റെ മരണപ്പെട്ടതായി അറിയിച്ചു. വിവരം അറിഞ്ഞ ഉടൻ ബൈക്കിൽ വന്ന ഒരാൾ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു. തുടർന്ന് പോലീസ് എത്തി മറ്റേയാളെയും ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. ശ്രീജിത്ത് പരിക്കേറ്റ് വഴിയിൽ കിടക്കുകയായിരുന്നു എന്നാണ് ഇവർ ആദ്യം എല്ലാരോടും പറഞ്ഞത്. എന്നാൽ യുവാവിന്റെ ദേഹത്ത് മർദ്ദനമേറ്റ പാടുള്ളതായി സംശയം ഉള്ളത് കൊണ്ടു തന്നെ പോലീസ് അന്വേഷണം ഊർജിതമാക്കി. സംഭവം കൊലപാതകം ആണെന്നാണ് പ്രാഥമിക നിഗമനം. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. മർദ്ദനമേറ്റാണ് ശ്രീജിത്ത് മരണപ്പെട്ടത്. എങ്ങനെയാണ് ശ്രീജിത്ത് വക്കത്ത് നിന്ന് ആനുപാറയിൽ എത്തിയതെന്നുള്ള കാര്യത്തിൽ ഇപ്പോഴും നിഗൂഢത നിലനിൽക്കുന്നു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ നിന്ന് പോസ്റ്റ്മോർട്ടം നടപടികൾക്കായി തിരുവനന്തപുര മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
പോസ്റ്റ്മോർട്ടം പൂർത്തിയായാൽ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ.