കല്ലമ്പലം : കാർഷിക മേഖലയിൽ അനുദിനം വർദ്ധിച്ചുവരുന്ന ജോലി ക്കൂലിയും മറ്റ് അനുബന്ധ ഉല്പാദന ഉപാധികളുടെ വിലവർധനവും മൂലം കൃഷിച്ചെലവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ സമ്പദ്ഘടനയുടെ നട്ടെല്ലായ കർഷകർക്ക് ഉയർന്ന താങ്ങുവില ലഭ്യമാക്കണമെന്ന് നവകേരളം കൾച്ചറൽ ഫോറം സംസ്ഥാന പ്രസിഡന്റ് എം. ഖുത്തുബ് ആവശ്യപ്പെട്ടു. ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കർഷക ദിനാചരണവും, മികവ് തെളിയിച്ച കർഷകരെ ആദരിക്കലും പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷിക മേഖലയെ ശക്തിപ്പെടുത്താനും യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാനും വേണ്ട നൂതന പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഗോളവൽക്കരണ നയങ്ങളുടെ ഭാഗമായി മറ്റെല്ലാ മേഖലയും എന്നപോലെ കാർഷിക മേഖലയെയും കുത്തക കൾക്ക് അടിയറ വയ്ക്കുന്ന കേന്ദ്ര സർക്കാർ സമീപനം തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തെ തരിശു രഹിതമാക്കി “എല്ലാവരും കൃഷിയിലേക്ക്” എന്ന ആപ്തവാക്യം മുൻനിർത്തി മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ വിജയത്തിലെത്തിക്കാൻ നേതൃത്വം നൽകി കർഷകരോടൊപ്പം മുന്നോട്ടുപോകുന്ന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിലെ ജീവനക്കാരുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫോറം ഓർഗനൈസിങ് സെക്രട്ടറി വർക്കല മോഹൻദാസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മുബാറക്ക് റാവുത്തർ കർഷകദിന സന്ദേശം നൽകി.
സംഘമിത്ര സംസ്ഥാന കൺവീനർ വള്ളക്കടവ് സുബൈർ, ഫോറം ജോയിന്റ് സെക്രട്ടറി ആർ. പ്രകാശ് എന്നിവർ സംസാരിച്ചു.
ചെറുന്നിയൂർ പഞ്ചായത്ത് മേഖലയിലെ മികച്ച നെൽ കർഷകൻ നസീമുദ്ദീൻ കൊച്ചുവീട്, പച്ചക്കറി- കാലി വളർത്തൽ മേഖലയിൽ മികവ് തെളിയിച്ച റീത്ത കാട്ടുവിള എന്നിവരെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.