മംഗലപുരം : പള്ളിപ്പുറത്ത് വീടിന്റെ ജനൽ കമ്പി അറുത്തുമാറ്റി വൻ കവർച്ച നടത്തിയ പ്രതിയെ മംഗലപുരം പോലീസ് പിടികൂടി. പള്ളിപ്പുറം പുതുവൽ പുത്തൻവീട്ടിൽ ഹുസൈൻ (27)ആണ് പിടിയിലായത്. പ്രതിയുടെ വീടിന് അടുത്തുള്ള പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിനു സമീപം പുതുവൽ ലൈനിൽ പ്രവാസിയായ മുഹമ്മദ് ഹസന്റെ വീട്ടിൽ നിന്നാണ് 15 പവൻ സ്വർണം കവർന്നത്.
ശനിയാഴ്ച വീട്ടുകാർ പുറത്തുപോയി തിരികെ വീട്ടിൽ എത്തിയപ്പോഴാണ് കവർച്ച നടന്നതായി മനസ്സിലാക്കിയത്. പ്രാഥമിക പരിശോധനയിൽ മോഷണം എങ്ങനെ നടന്നെന്ന് അറിയാൻ കഴിഞ്ഞില്ല. വാതിലുകൾ ഒന്നും തകർക്കുകയോ തുറക്കുകയോ ചെയ്തിരുന്നില്ല. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ അടുക്കളയിലെ രണ്ട് ജനൽ കമ്പികൾ അറുത്ത് മാറ്റിയ ശേഷം അതുപോലെ തിരിച്ചുവെച്ചെന്ന് മനസ്സിലായി. മുറിക്കുള്ളിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 15 പവൻ സ്വർണമാണ് പ്രതി കവർന്നത്. വീട്ടുകാർ മംഗലപുരം പോലീസിൽ വിവരം അറിയിക്കുകയും പോലീസ്പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സമീപവാസിയായ പ്രതിയെ പിടികൂടിയത്. തുടർന്ന് പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. വീടിൻറെ അടുത്ത് ചവറു കൂനയ്ക്കുള്ളിൽ ഒളിപ്പിച്ചു വച്ചിരുന്ന സ്വർണവും പോലീസ് കണ്ടെടുത്തു.
കണിയാപുരത്തെ വർക്ഷോപ്പിൽ മോഷണം നടത്തിയതിന് റിമാൻഡിൽ കഴിഞ്ഞ പ്രതി ജാമ്യത്തിലിറങ്ങി ദിവസങ്ങൾക്കകമാണ് വീണ്ടും പിടിയിലാകുന്നത്.
മംഗലപുരം എസ്എച്ച്ഒ സിജു കെ നായരുടെ നേതൃത്വത്തിൽ എസ്ഐമാരായ ശാലു ഡി, ജെ സന്തോഷ്,ഗ്രേഡ് എസ്ഐ അനിൽകുമാർ, സിപിഒമാരായ സന്തോഷ്, ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്