കിളിമാനൂർ :കിളിമാനൂരിൽ ബസ് ജീവനക്കാരനായ യുവാവിനെ സംഘം ചേർന്ന് മർദിച്ചതായി പരാതി. ചിത്തിര സ്വകാര്യ ബസ്സിലെ ജീവനക്കാരനും അഞ്ചൽ സ്വദേശിയുമായ നന്ദു(20)വിനാണ് മർദനത്തിൽ പരിക്കേറ്റത്. ഇന്ന് വൈകുന്നേരം ജോലി കഴിഞ്ഞ് ബസ് ഒതുക്കുന്ന സമയത്ത് കാരേറ്റ് കെഎൻബി പെട്രോൾ പമ്പിനു സമീപം വെച്ച് നന്ദുവിനെ 8-9 പേർ അടങ്ങുന്ന സംഘം നന്ദുവിനെ പമ്പിന്റെ പുറകിൽ കൊണ്ടുപോയി അകാരണമായി മർദിച്ച് അവശനാക്കുകയും മർദ്ദനമേറ്റ് ശ്വാസം മുട്ട് അനുഭവപ്പെട്ടപ്പോൾ മറ്റു ചിലർ ഓടിയെത്തി രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു എന്ന് നന്ദു പറയുന്നു. മർദിച്ചവരും ബസ് ജീവനക്കാർ ആണെന്നും എല്ലാവരെയും കണ്ടാൽ അറിയാമെന്നും നന്ദു പറയുന്നു. ആക്രമിച്ചവരിൽ നാലുപേരുടെ പേരുടെ സഹിതമാണ് കിളിമാനൂർ പോലീസിൽ നന്ദു പരാതി നൽകിയത്. ഹെൽമെറ്റ് കൊണ്ടു ക്രൂരമായി മുതുകിൽ ഇടിക്കുകയും സംഘം ചേർന്ന് വളഞ്ഞിട്ട് ആക്രമിക്കുകയുമായിരുന്നുവെന്ന് പരിക്കേറ്റ് വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ നന്ദു പറഞ്ഞു.
