ആറ്റിങ്ങല്‍: ആറ്റിങ്ങലിൽ ലഹരിക്കച്ചവട സംഘത്തിന്റെ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ രണ്ട് പ്രധാന കൂടി അറസ്റ്റിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ആറ്റിങ്ങൽ മാമം പാലത്തിനു സമീപം താലോലം വീട്ടിൽ അഭി എന്ന് വിളിക്കുന്ന അഭിഷേക്, കിഴുവിലം, ചിറ്റാറ്റിൻകര സുജ ഭവനിൽ വിഷ്ണു എന്ന് വിളിക്കുന്ന ആൽബി എന്നിവരെയാണ് ആറ്റിങ്ങൽ പൊലീസും ഷാഡോ സംഘവും ചേർന്ന് പിടികൂടിയത്.
കൊലപാതക കേസിലെ പ്രധാന പ്രതിയും ഒട്ടേറെ കേസുകളിലെ പ്രതിയുമായ കുര്യൻ എന്ന വിനീത് കോടതിയിൽ നേരിട്ട് കീഴടങ്ങാൻ ശ്രമിച്ചെങ്കിലും വിവിധ ഭാഗങ്ങളിൽ പോലീസ് നിരീക്ഷണം ഉണ്ടായിരുന്നതിനാൽ കുര്യൻ കോടതിയിൽ എത്തിയില്ല. ഇയാളെ നിരീക്ഷിച്ചു വരികയാണെന്നും ഉടൻ പിടികൂടുമെന്നുമാണ് പോലീസ് പറയുന്നത്.
കേസിൽ ഇതുവരെ 4 പ്രധാന പ്രതികളാണ് പിടിയിലായത്. ഊരുപൊയ്ക വലിയവിള വീട്ടിൽ തുമ്പിടി എന്നു വിളിക്കുന്ന പ്രണവ് (29), ജിത്തു എന്നു വിളിക്കുന്ന ശ്രീജിത്ത് (28) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കൂടാതെ കൊലപാതകത്തിന് മുമ്പും ശേഷവും പ്രതികളെ സഹായിച്ച അഞ്ചുപേരെയും പോലീസ് സംഭവം നടന്ന് ഉടൻ അറസ്റ്റ് ചെയ്തിരുന്നു. വാളക്കാട് സംഗീതാഭവനില്‍ രാഹുല്‍ (26), ഊരുപൊയ്ക കാട്ടുവിളപുത്തന്‍വീട്ടില്‍ രാഹുല്‍ദേവ് (26), കിഴുവിലം മുടപുരം പ്ലാവിളപുത്തന്‍വീട്ടില്‍ അറഫ്ഖാന്‍ (26), വാമനപുരം കാട്ടില്‍വീട്ടില്‍ അനുരാഗ് (24), കാരേറ്റ് സ്വദേശി രാഹുല്‍ (26) എന്നിവരെയാണ് ആദ്യം പിടികൂടിയത്.
ഓഗസ്റ്റ് 16നു രാത്രിയിലാണ് വക്കം സ്വദേശി ശ്രീജിത്ത് (അപ്പു-25) ലഹരി മാഫിയായുടെ അടിയേറ്റ് മരിച്ചത്. പ്രതികളുടെയും സഹായികളുടെയുമെല്ലാം മൊബൈല്‍ഫോണ്‍ വിളികളും ഇടപാടുകളുമെല്ലാം പൊലീസ് നിരീക്ഷിച്ച് വരികയാണ്. ബുധനാഴ്ച വൈകിട്ട് ശ്രീജിത്തിനെ വിളിച്ചു വരുത്തിയ ശേഷം മാമം കടവിന് സമീപം കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്തി സമീപത്തെ റബ്ബർ തോട്ടത്തിൽ കൊണ്ടിടുകയായിരുന്നു.
സാമ്പത്തിക ഇടപാടും ലഹരി കച്ചവടവുമായി ബന്ധപ്പെട്ട ഇടപാടുകളും ആക്രമണ സംഘത്തിൽപെട്ട പ്രതികളിൽ ഒരാൾക്ക് വേണ്ടപ്പെട്ട സ്ത്രീയുമായി അടുത്ത ബന്ധം പുലർത്തിയതിലും പ്രതികൾക്ക് കൊല്ലപ്പെട്ട ശ്രീജിത്തിനോട് വൈരാഗ്യം ഉണ്ടായിരുന്നതായി പോലീസ് സംശയിക്കുന്നുണ്ട്.ഇനിയും പ്രതികൾ ഉണ്ടെന്നും ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.