ആറ്റിങ്ങൽ : ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട മണമ്പൂർ പഞ്ചായത്തിലെ 56ആം നമ്പർ റേഷൻ കട കെ സ്റ്റോറായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് തെരഞ്ഞെടുത്തതിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ എംഎൽഎ ഒ. എസ് അംബിക വലിയവിളയിൽ ഉള്ള റേഷൻ കടയിൽ വെച്ച് നിർവഹിച്ചു.
സാധാരണ ജനങ്ങൾക്ക് മിതമായ നിരക്കിൽ എല്ലാത്തരം സാധനങ്ങളും ലഭ്യമാക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായിട്ടാണ് കെ സ്റ്റോറുകൾ ആരംഭിച്ചിട്ടുള്ളത് എന്നും ആറ്റിങ്ങൽ മണ്ഡലത്തിൽ രണ്ടാമത്തെ കെ സ്റ്റോറാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത് എന്ന് എംഎൽഎ പറഞ്ഞു. 2016 മുതൽ 13 ഇനം അവശ്യസാധനങ്ങൾ സബ്സിഡി നിരക്കിൽ വിലയിൽ യാതൊരു വർധനവും വരുത്താതെ സപ്ലൈകോ ഔട്ട്ലെറ്റുകൾ വഴി നൽകിവരുന്നതിനു പുറമേയാണ് കെ സ്റ്റോറുകളിലും വിവിധതരം സാധനങ്ങൾ ലഭ്യമാക്കുന്നത്. സപ്ലൈകോയുടെ തനത് ഉൽപ്പന്നമായ ശബരി, മിൽമ ഉത്പാദിപ്പിച്ച് വിതരണം നടത്തുന്ന വിവിധ ഉൽപ്പന്നങ്ങൾ, അഞ്ച് കിലോയുടെ ചോട്ടു ഗ്യാസ് സിലിണ്ടർ എന്നിവ ഇവിടെ ലഭ്യമാണ്. കൂടാതെ പ്രാദേശിക ചെറുകിട സംരംഭകർ (MSME) ഉത്പാദിപ്പിച്ച് വിപണനം നടത്തുന്ന 96 ഇനം സാധനങ്ങൾ കെ സ്റ്റോർ വഴി ലഭിക്കുമെന്ന് എംഎൽഎ അറിയിച്ചു. കൂടാതെ എല്ലാത്തരം ഓൺലൈൻ അപേക്ഷകളും, വെള്ളക്കരം, വൈദ്യുതി ബില്ല് തുടങ്ങിയ ബില്ലുകളും 10000 രൂപ വരെ പണം പിൻവലിക്കാൻ ഉള്ള സംവിധാനവും കെ സ്റ്റോറിൽ ലഭ്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എംഎൽഎ കൂട്ടിച്ചേർത്തു.
മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ നഹാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ വർക്കല താലൂക്ക് സപ്ലൈ ഓഫീസർ ബൈജു വി സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പ്രിയദർശിനി, ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞുമോൾ, മണമ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിസി വി തമ്പി, മണമ്പൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മനാഫ് എം, പി സുരേഷ് കുമാർ, മുഹമ്മദ് റഷീദ്, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി റിയാസ്, സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജേന്ദ്രൻ നായർ, മണ്ഡലം പ്രസിഡന്റ് സജീവ്, ബിജെപി ജില്ലാ കമ്മിറ്റിയംഗം എൻ എസ് രവി എന്നിവർ സംസാരിച്ചു . റേഷൻ ഇൻസ്പെക്ടർ അനീഷ് വി നന്ദി രേഖപ്പെടുത്തി.