ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കാർഷിക-വ്യാവസായിക, കുടുംബശ്രീ, പ്രദർശന വിപണന മേളയ്ക്ക് തുടക്കമായി. മേള ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഓണക്കാലയളവ് സംരംഭകരുടെ കൂടി കാലമാണെന്ന് എം.എൽ.എ പറഞ്ഞു. ഗ്രാമീണ മേഖലകളിൽ നടക്കുന്ന ഓണമേളകൾക്ക് മികച്ച ജനപങ്കാളിത്തമാണുള്ളതെന്നും ഇത്തരം മേളകൾ ജനങ്ങളുടെ കൂട്ടായ്മയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബർ ഒന്ന് വരെയാണ് മേള നടക്കുന്നത്. ആര്യനാട് ഗ്രമപഞ്ചായത്തിനെയും സമീപ പഞ്ചായത്തുകളെയും ഉൾപ്പെടുത്തിക്കൊണ്ട് വിനോദ-കലാ-സാംസ്‌കാരിക-വിജ്ഞാന പരിപാടികളും മേളയോടനുബന്ധിച്ച് നടക്കും. ഒരാഴ്ച നീളുന്ന മേളയിൽ സെമിനാറുകൾ, മെഡിക്കൽ ക്യാമ്പ് എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് കാഞ്ഞിരംമൂട് മുതൽ ആര്യനാട് എൽ.പി.എസ് വരെ വിളംബരം ഘോഷയാത്ര നടന്നു.
ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ വി.വിജുമോഹൻ അധ്യക്ഷനായിരുന്നു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ, ജില്ലാ പഞ്ചായത്തംഗം എ.മിനി, മറ്റ് ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, നാട്ടുകാർ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
 
								 
															 
								 
								 
															 
															 
				

