ആറ്റിങ്ങൽ പൊയ്കമുക്ക് സ്വദേശിനിയായ നവവധുവിനെ അരുവിക്കരയിലെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.ആറ്റിങ്ങൽ പൊയ്കമുക്ക് സ്വദേശിനി രേഷ്മ (23) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. കിടപ്പ് മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ അക്ഷയ് രാജ് വീട്ടിലില്ലായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. രേഷ്മയുടെ മാതാപിതാക്കൾ മടങ്ങി മണിക്കൂറുകൾക്ക് ശേഷമാണ് ആത്മഹത്യ.
കഴിഞ്ഞദിവസം രാത്രി 11-വരെ പെൺകുട്ടിയുടെ മാതാപിതാക്കൾ മകളുടെ ഭർത്താവ് അക്ഷയ് യുടെ വീട്ടിൽ ഉണ്ടായിരുന്നു. ആദ്യ ഓണമായതിനാൽ മകൾക്കും മരുമകനും ഓണക്കോടിയുമായി എത്തിയതായിരുന്നു അച്ഛനും അമ്മയും. ഇവർ പോയ ശേഷമായിരുന്നു ആത്മഹത്യ.
കിടപ്പുമുറിക്കുള്ളിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു രേഷ്മയെ കണ്ടെത്തിയത്. രേഷ്മ വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് വീട്ടുകാർ പോലീസിനെയും നാട്ടുകാരെയും വിളിച്ചുവരുത്തി. മുറി തുറന്നപ്പോൾ രേഷ്മയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസെത്തി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ഭർത്താവ് അക്ഷയ് രാജ് മറ്റൊരു സ്ത്രീയെ ഫോണിൽ വിളിച്ച് സംസാരിക്കുന്നെന്ന സംശയം രേഷ്മയ്ക്ക് ഉണ്ടായിരുന്നു. ഇതിന്റെ മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പറയുന്നു.
അരുവിക്കര മുളിലവിൻമൂട് സ്വദേശിയായ അക്ഷയ് രാജുമായി ജൂൺ 12നായിരുന്നു രേഷ്മയുടെ വിവാഹം.