മാതാവിനോട് അടുപ്പം സ്ഥാപിച്ച ശേഷം പതിനാറുകാരിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയെന്ന കുറ്റത്തിന് പ്രതിക്ക് 10 വർഷം കഠിന തടവും 50,000/- രൂപ പിഴ ശിക്ഷയും.
ചാന്നാങ്കര സ്വദേശി ബുഹാരി എന്ന് വിളിപ്പേരുള്ള അബ്ദുൽ ബാരി എന്നയാളെ കുറ്റക്കാരനായി കണ്ട് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് (പോക്സോ) ജഡ്ജ് റോഷൻ തോമസ് ശിക്ഷ വിധിച്ചു.
ഭർത്താവിനും കുട്ടികൾക്കുമൊപ്പം താമസിച്ചു വന്ന സ്ത്രീയോട് അടുപ്പം സ്ഥാപിച്ച ശേഷം കൂടെ താമസിച്ചു വരവെ ജോലി സ്ഥലത്തുവച്ച് ചകിരി പിരിക്കുന്ന യന്ത്രത്തിൽ തള്ളിയിട്ടു കൊന്നുവെന്ന കേസിൽ കൊലപാതക കുറ്റത്തിന് വിചാരണ നേരിട്ടു വരുന്നയാളാണ് പ്രതി. ഹൃദ്രോഗത്തിന് ചികിത്സ തേടി വന്നിരുന്ന പെൺകുട്ടി മാതാവിന്റെ അപകട മരണശേഷമാണ് പ്രതിയുടെ ലൈംഗിക അതിക്രമത്തിന് വിധേയയായിട്ടുണ്ടെന്ന വിവരം ഡോക്ടറോട് പറയുന്നതും, തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നതും.
കേസിൽ ഡോക്ടർ പരിശോധന സമയം ശേഖരിക്കപ്പെട്ട ബയോളജിക്കൽ സാമ്പിൾ യഥാസമയം ഏറ്റുവാങ്ങി ശാസ്ത്രീയ പരിശോധനയ്ക്ക് ഹാജരാക്കുന്നതിന് അന്വേഷണ വേളയിൽ കഴിയാത്ത വീഴ്ച ഗുരുതരമാണെന്ന് കോടതി വിധിന്യായത്തിൽ വ്യക്തമാക്കി. വിചാരണ നടന്നു വന്ന കേസിൽ ചികിത്സാ രേഖകളുടെയും ഡോക്ടറുടെ മൊഴിയുടെയും അസാന്നിദ്ധ്യം പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്ന ശേഷം, വിചാരണ നിറുത്തിവച്ച് തുടർ അന്വേഷണം നടത്തേണ്ടി വന്ന പ്രകാരം ഹാജരാക്കപ്പെട്ട ചികിത്സാ രേഖകളുടെയും സാക്ഷിമൊഴികളുടെയും കൂടി അടിസ്ഥാനത്തിലാണ് പ്രതിയെ കുറ്റക്കാരനായി കോടതി കണ്ടെത്തിയത്.
രണ്ടായിരത്തി ഒൻപത് മുതൽ രണ്ടായിരത്തി പതിനൊന്ന് വരെയുള്ള രണ്ട് വർഷക്കാലത്തിനുളളിലായിരുന്നു കേസിനാസ്പദമായ സംഭവം. രണ്ടായിരത്തി പതിനൊന്ന് വർഷത്തിലാണ് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തത്.
പ്രതിക്കെതിരെ ബലാത്സംഗ കുറ്റം തെളിഞ്ഞ സാഹചര്യത്തിൽ 10 വർഷം കഠിന തടവിനും 50,000/-രൂപ പിഴ ശിക്ഷയും കോടതി ഉത്തരവായി. പിഴ കെട്ടിവയ്ക്കുന്ന സാഹചര്യത്തിൽ 40,000/- രൂപ അതിജീവിതയ്ക്ക് നഷ്ടപരിഹാരം എന്ന നിലയ്ക്ക് നൽകണമെന്നും, തുക കെട്ടിവയ്ക്കാത്ത സാഹചര്യത്തിൽ രണ്ടുമാസംകൂടി അധിക തടവ് അനുഭവിക്കണമെന്നും ഉത്തരവുണ്ട്. വിചാരണ തടവുകാലം ശിക്ഷാ ഇളവിന് അർഹതയുണ്ട്. മംഗലപുരം പോലീസ് ഇൻസ്പെക്ടർ ടോംസൺ തുടർ അന്വേഷണം നടത്തി കുറ്റപത്രം സമർപിച്ച കേസിൽ പ്രോസിക്യൂഷൻ 19 സാക്ഷികളെ വിസ്തരിക്കുകയും, പതിനാല് രേഖകൾ ആധാരമാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ എം. മുഹ്സിൻ ഹാജരായി.