ഓണം വാരാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നില്‍ നടക്കുന്ന ഭക്ഷ്യ മേളയിലേക്ക് വൈകുന്നേരം നാലു മണി കഴിഞ്ഞാല്‍ ജനപ്രവാഹമാണ്. നാടിന്റെ നാനാ ഭാഗത്തുള്ള രുചികള്‍ ഒരു കുടക്കീഴില്‍ ലഭിക്കുന്ന സന്തോഷത്തിലാണ് ഭക്ഷണ പ്രേമികള്‍. വൈകുന്നേരങ്ങളില്‍ ഭക്ഷ്യ മേളയില്‍ എത്തുന്നവര്‍ക്ക് ഏറെ പ്രിയം ചായയും കട്ടനും നാലുമണി പലഹാരങ്ങളുമാണ്.
കോഴിക്കോട് നിന്നെത്തിയ മൈമുനയും പ്രശാന്തിയും തിളച്ച എണ്ണയില്‍ നിന്ന് കോരിയെടുത്തു വയ്ക്കുന്ന ഉന്നക്കായ പഴം നിറച്ചത്, പഴം പൊരി, കട്‌ലറ്റ്, കിളിക്കൂട് തുടങ്ങിയ പലഹാരങ്ങള്‍ക്ക് മേളയില്‍ പ്രിയം കൂടുതലാണ്. പത്ത് വര്‍ഷമായി തലസ്ഥാനത്ത് ഭക്ഷ്യ മേളയില്‍ പങ്കെടുക്കുന്നവരാണ് കോഴിക്കോട് തനിമ കുടുംബശ്രീയില്‍ നിന്നുള്ള ഈ താരങ്ങള്‍.
കുഞ്ഞി തലയിണ, ചിക്കന്‍ പൊട്ടിതെറിച്ചത്, കരിഞ്ചീരക കോഴി, പഴം പൊരി ബീഫ് തുടങ്ങിയ വ്യത്യസ്ത രുചികളാണ് ഭക്ഷ്യ മേളയിലെ മുഖ്യ ആകര്‍ഷണം. പേരിലെ കൗതുകം രുചി നോക്കി മനസിലാക്കാന്‍ നിരവധിയാളുകള്‍ എത്തുന്നുണ്ട്. വിവിധ ജില്ലകളുടെ തനത് രുചികളാണ് കുടുംബശ്രീയുടെ സ്റ്റാളില്‍ വിളമ്പുന്നത്. തുച്ഛമായ വിലയില്‍ രുചിയുള്ള ഭക്ഷണമാണ് തനിമ കുടുംബശ്രീ ഒരുക്കിയിരിക്കുന്നത്.