വർക്കല: ഹോട്ടൽ ഉടമയെയും സുഹൃത്തിനെയും ബന്ദിയാക്കി ഭീഷണിപ്പെടുത്തി ഒന്നരലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മൂന്നാം പ്രതിയെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. ചിലക്കൂർ അയണിക്കരത്തൊടി വീട്ടിൽ അഫ്സൽ (21) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ ഏപ്രിൽ 18നാണ് സംഭവം. മലപ്പുറം ജില്ലയിൽ പൊന്നാനി താലൂക്കിൽ വട്ടക്കുളം കുറ്റവാലം സ്വദേശി ഷാഹുൽഹമീദ് (59), മലപ്പുറം നടുവട്ടം സ്വദേശി അബ്ദുൽകരിം (36) എന്നിവരെയാണ് വർക്കല ചിലക്കൂർ പനമൂടിനു സമീപം ഒരു വീട്ടിൽ തടങ്കലിലാക്കി പണം അപഹരിച്ചത്. ലക്ഷങ്ങൾ വിലയുള്ള ഇറിഡിയം കോപ്പർ പൂശിയ വിളക്ക് നൽകാമെന്ന വ്യാജേനയാണ് ഇവരെ മലപ്പുറത്തു നിന്ന് വർക്കലയിൽ വിളിച്ചു വരുത്തിയത്. കേസിലെ മുഖ്യ പ്രതിയായ റിയാസ് ഇവരെ വീട്ടിൽ കൊണ്ടുപോയി ബന്ദിയാക്കിയ ശേഷം കഴുത്തിൽ വാൾവച്ച് ഫോട്ടോ എടുത്ത് ബന്ധുക്കൾക്ക് അയയ്ക്കുകയായിരുന്നു. ഇവരെ മോചിപ്പിക്കുന്നതിനായി 42,000 രൂപ ഫെഡറൽ ബാങ്ക് വർക്കല ശാഖ വഴിയും ഒരു ലക്ഷം രൂപ നേരിട്ടും സംഘം കൈക്കലാക്കി. കേസിലെ മുഖ്യ പ്രതി കൊല്ലം മയ്യനാട് സ്വദേശിയും വർക്കല തൊട്ടിപ്പാലം കനാൽ പുറമ്പോക്കിൽ പട്ടിരിയാസ് എന്നു വിളിക്കുന്ന മുഹമ്മദ് റിയാസ്, മറ്റൊരു പ്രതിയായ നിസാം എന്നിവരെ വർക്കല പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വർക്കല സി.ഐ ജി.ഗോപകുമാറിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്. പ്രതിയെ റിമാൻഡ് ചെയ്തു.