തിരുവനന്തപുരം ജില്ലാ കൂട്ടായ്മ ടെക്‌സാസ് ദുബൈ സംഘടിപ്പിക്കുന്ന ഓണനിലാവ് 2023 ന്റെ ഭാഗമായ ഒന്നാം ദിന പരിപാടി സെപ്തംബർ മൂന്നാം തീയതി ദേരാ ദുബൈയിലെ ഹയാത്ത് പ്ലേസ് ഹോട്ടലിൽ വെച്ച് സംഘടിപ്പിച്ചു.
കൺവെൻഷൻ ഉത്ഘാടനം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ എ റഹീം നിർവ്വഹിച്ചു. ടെക്സാസ് പ്രസിഡന്റ് എ ആർ ഷാജി അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി നജീബ് സ്വാഗതം ആശംസിക്കുകയും, ജനറൽ കൺവീനർ ഷാജി ഷംസുദീൻ ഓണനിലാവ് 2023 ന്റെ സെപ്റ്റംബർ 10ന് നടക്കുന്ന ഓണാഘോഷത്തെ കുറിച്ചു വിശദീകരിക്കുകയും ചെയ്തു.
ടെക്‌സാസ് അംഗങ്ങളുടെയും കുട്ടികളുടെയും തനത് കേരളത്തനിമ വിളിച്ചോതുന്ന നാടൻ കലാ കായിക മത്സരങ്ങളും നാട്ടുമ്പുറക്കാഴ്ച്ചകളും ഓണ സദ്യയും നാടൻ കലാരൂപങ്ങളായ വടംവലി, ഉറിയടി തുടങ്ങിയവയും അരങ്ങേറി.
കൂടാതെ പത്താം തീയതി ഓണനിലാവ് 2023 ന്റെ പൊതുപരിപാടിയും സാംസ്കാരിക സമ്മേളനവും ഘോഷയാത്രയും സ്റ്റേജ് ഷോയും ദുബായ് അൽ നാസർ ലെഷർലാന്റിൽ അരങ്ങേറുന്നതാണ്. എച്ച്.ഇ ലൈല റഹാൽ അൽ എത്ഫാനി മുഖ്യാതിഥിയായ സാംസ്‌കാരിക സമ്മേളനം ആറ്റിങ്ങൽ എംപി അഡ്വ. അടൂർ പ്രകാശ് ഉദ്ഘാടനം നിർവഹിക്കുന്നു.
അതിനോടനുബന്ധിച്ച് ലക്ഷ്മി ജയൻ, അനുമോൾ, തങ്കച്ചൻ, മനോജ് ഗിന്നസ് തുടങ്ങി പ്രഗത്ഭ കലാകാരന്മാർ അണിനിരക്കുന്ന നൃത്ത ഹാസ്യ സംഗീത കലാവിരുന്ന് ഉണ്ടായിരിക്കുന്നതാണ്. അന്നേ ദിവസം രാവിലെ വിവിധ സംഘടനകൾ മാറ്റുരയ്ക്കുന്ന തിരുവാതിരക്കളി, അത്തപ്പൂക്കള മത്സരം, പായസമത്സരം തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണെന്ന് പ്രസിഡന്റ് എ ആർ ഷാജി ജനറൽ കൺവീനർ ഷാജി ഷംസുദ്ദീൻ തുടങ്ങിയവർ അറിയിച്ചു.