മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ സംഭവത്തിൽ പ്രതി റിമാൻഡിൽ

hi.1694031258

വെഞ്ഞാറമൂട് : സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ സംഭവത്തിൽ പ്രതി റിമാൻഡിൽ. കഴിഞ്ഞ ദിവസം വയ്യേറ്റിലെ സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വയ്ക്കാൻ ശ്രമിക്കുന്നതിടെയാണ് പാലോട് മരുതുംമൂട് തുമ്പനൂർ സ്വദേശി നൗഷാദ് (47) പിടിയിലായത്.

മറ്റുള്ളവരുടെ ആധാർ കാർഡ് മോഷ്ടിച്ച് ഫോട്ടോ മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. തലേ ദിവസം നൗഷാദ് മറ്റൊരു സ്വകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് പണം കൈപ്പറ്റിയിരുന്നു. സ്ഥാപനം ഉടമ ഇതേ ആഭരണം മറ്റൊരു ബാങ്കിൽ പണയം വയ്‌ക്കാനെത്തിച്ചപ്പോഴാണ് സ്വർണം വ്യാജമാണെന്ന് കണ്ടെത്തുന്നത്. ഈ വിവരം എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും അറിയിക്കുകയും ചെയ്‌തു. അടുത്തദിവസം വീണ്ടും പൊലിസ് സ്റ്റേഷന് സമീപമുള്ള സ്ഥാപനത്തിൽ മുമ്പ് കബളിപ്പിച്ച സ്ഥാപനത്തിൽ നൽകിയ അതേ ഐ.ഡി കാർഡും മുക്കുപണ്ടവുമായി നൗഷാദ് വീണ്ടുമെത്തി.

ഇത് മനസിലാക്കിയ ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലിസെത്തി പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു. ഇയാളൊടൊപ്പമെത്തിയ ശേഷം സ്ഥാപനത്തിന് പുറത്ത് കാത്തുനിന്ന മൂന്നുപേർ രക്ഷപ്പെട്ടു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ വിവിധ സ്ഥാപനങ്ങളിൽ നിന്നായി ഇയാൾ ഏഴുലക്ഷം രൂപയോളം തട്ടിയെടുത്തിട്ടുണ്ടെന്ന് കണ്ടെത്തി. വെഞ്ഞാറമൂട്, വെമ്പായം, ആറ്റിങ്ങൽ, പോത്തൻകോട് പ്രദേശങ്ങളിലും സമാനമായ രീതിയിൽ പണം തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ സജീവമാണെന്ന് പൊലീസ് അറിയിച്ചു. സി.ഐ അനൂപ് കൃഷ്ണ, എസ്.ഐ ഷാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. നൗഷാദ് അറസ്റ്റിലായതറിഞ്ഞ് നിരവധി ഫിനാൻസ് ഉടമകളും ആധാറിന്റെ യഥാർത്ഥ ഉടമകളും പരാതിയുമായി പൊലിസിനെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!