മലയാള സിനിമാരംഗത്ത് 63 വർഷമായി അഭിനയം തുടരുന്ന ജി.കെ പിള്ള 95-ന്റെ നിറവിൽ. അഭിനയ കുലപതി പ്രേംനസീറുമായി തുടക്കം. ഇപ്പോഴും സിനിമ സീരിയൽ രംഗത്ത് നിറ സാന്നിധ്യം.വർക്കല എംഎൽഎ നേരിട്ടു ചെന്ന് അദ്ദേഹത്തെ ആദരിച്ചു.
1925-ൽ ചിറയിൻകീഴിലാണ് ജി.കെ.പിള്ള ജനിച്ചത്. 1940-ൽ പട്ടാളത്തിൽ ചേർന്നു. നാട്ടുകാരനായ പ്രേംനസീർ സിനിമയിലെത്തിയെന്നറിഞ്ഞതോടെയാണ് സിനിമാമോഹം തലയ്ക്കുപിടിച്ചത്. 1952-ൽ പട്ടാളത്തിൽനിന്നു പിരിഞ്ഞശേഷമാണ് സിനിമയിൽ എത്തിയത്. 1954-ൽ സ്നേഹസീമയെന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. പ്രേംനസീർ ചിത്രങ്ങളിലെ വില്ലൻ വേഷങ്ങളിലൂടെയാണ് ശ്രദ്ധനേടിയത്. നിരവധി വടക്കൻപാട്ട് സിനിമകളിലും പ്രധാനവേഷങ്ങൾ അവതരിപ്പിച്ചു. സത്യൻ, നസീർ മുതൽ ദിലീപ് വരെയുള്ളവരുടെ 350-ഓളം ചിത്രങ്ങളിൽ വേഷമിട്ടു. കാര്യസ്ഥനാണ് പ്രധാന വേഷത്തിലഭിനയിച്ച അവസാനചിത്രം. പത്തോളം സീരിയലുകളിൽ അഭിനയിച്ച് കുടുംബപ്രേക്ഷകരുടെയും മനംകവർന്നു. പിറന്നാൾ ചൊവ്വാഴ്ചയാണെങ്കിലും സഹപ്രവർത്തകർക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി ഞായറാഴ്ച പിറന്നാൾ സദ്യയൊരുക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വർക്കല ഇടവ മാന്തറ വലിയമാന്തറവിളയിൽവീട് അതിനുള്ള ഒരുക്കങ്ങളിലാണ്.