വർക്കല: ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ അപകടത്തിൽപെട്ടു. വർക്കല പാപനാശം ബീച്ചിന് സമീപം വിനോദ സഞ്ചാരികൾ വന്ന കാറാണ് അപകടത്തിൽപെട്ടത്. ഹെലിപ്പാഡ് പ്രകൃതി ചികിത്സ കേന്ദ്രത്തിന് മുന്നിലെ റോഡിലൂടെ മുന്നോട്ടുപോയ കാറാണ് അപകടത്തിൽപെട്ടത്. ഞായറാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം.
തിരുവനന്തപുരം കഴക്കൂട്ടം സ്വദേശികളായ യുവാക്കൾ സഞ്ചരിച്ച കാർ പ്രകൃതി ചികിത്സ കേന്ദ്രത്തിന് മുന്നിലെ ചെറിയ ഇടറോഡിലൂടെ പോകുമ്പോഴാണ് അപകടമുണ്ടായത്. ഹെലിപാഡിൽനിന്ന് ബീച്ചിലേക്ക് പോകാനായി ഗൂഗ്ൾ മാപ് നോക്കിയാണ് യുവാക്കൾ ഇടറോഡിലൂടെ കാർ ഓടിച്ചുപോയത്. റോഡിന് സമാനമായ വീതിയുണ്ടെങ്കിലും ഇത് നടപ്പാതയാണെന്നും ബീച്ചിന് മുന്നിൽ റോഡ് അവസാനിക്കുന്നിടത്ത് പടിക്കെട്ടുകൾ ഉണ്ടെന്നും യുവാക്കൾ അറിഞ്ഞില്ല. ഇറക്കം ഇറങ്ങിച്ചെന്ന കാർ പടിക്കെട്ടുകളിൽ കുടുങ്ങിനിന്നു. ആർക്കും അപകടമുണ്ടായില്ല. തടിയും കല്ലുകളും ഉപയോഗിച്ച് യുവാക്കൾ കാർ മുകളിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് തിരുവനന്തപുരത്തുനിന്ന് ക്രയിൻ എത്തിച്ചാണ് കാർ തിരികെ റോഡിലേക്ക് കയറ്റിയത്. രാത്രിയിൽ റോഡിൽ സൈൻ ബോർഡുകളും ലൈറ്റുകളും ഇല്ലാത്തതാണ് അപകടത്തിന് വഴിതെളിച്ചതെന്ന് യുവാക്കൾ പറയുന്നു.