ഈ സർക്കാർ കാലാവധി പൂർത്തിയാക്കും മുമ്പ് തന്നെ സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളെ തിക്കും തിരക്കും ഇല്ലാത്തതാക്കി മാറ്റുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. ചിറയിൻകീഴ് താലൂക്കിൽ റീബിൽഡ് കേരള പദ്ധതി പ്രകാരം പണി പൂർത്തീകരിച്ച പുളിമാത്ത്, കിളിമാനൂർ, കരവാരം, വെള്ളല്ലൂർ സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിലുള്ള പ്രതിസന്ധികളെ അതിവേഗം തരണം ചെയ്യാൻ റവന്യൂ വകുപ്പ് പരിശ്രമിക്കുകയാണ്. നിലം പുരയിടം ആക്കൽ നിയമപരിഷ്കരണത്തിനു ശേഷം വലിയ തോതിൽ ആണ് അപേക്ഷകൾ ലഭിക്കുന്നത്. 2,40,000 അപേക്ഷകൾ ഇപ്പോൾ കെട്ടിക്കിടക്കുന്നു. ഇതു പരിഹരിക്കാനായി തരം മാറ്റ അപേക്ഷകൾ പരിഗണിക്കാൻ ഡെപ്യൂട്ടി കളക്ടർമാർക്ക് കൂടി ചുമതല നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇതുപ്രകാരം വരുന്ന എട്ടുമാസം കൊണ്ട് കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ പൂർണ്ണമായും പരിഹാരമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. റവന്യൂ വകുപ്പിന്റെ വേഗം വർദ്ധിപ്പിക്കാൻ പുതിയ 249 തസ്തികകൾ സൃഷ്ടിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വെള്ളല്ലൂർ വില്ലേജ് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ആറ്റിങ്ങൽ എംഎൽഎ ഒ. എസ്. അംബിക അധ്യക്ഷത വഹിച്ചു. വിവിധ തദ്ദേശഭരണ പ്രതിനിധികൾ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, എഡിഎം അനിൽ ജോസ് എന്നിവരും പങ്കെടുത്തു.