കല്ലറ ഗ്രാമപഞ്ചായത്തിലെ മലയോര ഗ്രാമമായ പാലുവള്ളിയെ പാൽക്കുളവുമായി ബന്ധിപ്പിക്കുന്ന പാലുവള്ളി പാലം പുതുക്കി പണിയുന്നു.
കനത്ത മഴയിൽ ബലക്ഷയം സംഭവിച്ചതിനെ തുടർന്ന് ഡി.കെ മുരളി എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 59 ലക്ഷം ചെലവഴിച്ചാണ് ആധുനിക രീതിയിൽ പുതിയ പാലം നിർമ്മിക്കുന്നത്. പാലത്തിന്റെ നിർമാണോദ്ഘാടനം പാലുവള്ളി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഡി.കെ മുരളിഎം.എൽ.എ നിർവഹിച്ചു.
മണ്ഡലത്തിലെ പി. ഡബ്ല്യൂ. ഡി റോഡുകളെല്ലാം ആധുനിക രീതിയിൽ നവീകരിക്കാൻ കഴിഞ്ഞതായി എം. എൽ. എ പറഞ്ഞു. കല്ലറ ഗ്രാമപഞ്ചായത്തിൽ സ്ഥാപിക്കുന്ന എൻ.സി.സി പരിശീലന കേന്ദ്രം മണ്ഡലത്തിന്റെ മുഖഛായ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ ബസുകളടക്കം നിരവധി വാഹനങ്ങൾ കടന്നു പോകുന്ന പാലം നവീകരിക്കണമെന്ന നാട്ടുകാരുടെ ചിരകാല സ്വപ്നമാണ് ഇതോടെ സാധ്യമാകുന്നത്.
കല്ലറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി ജെ ലിസി അധ്യക്ഷയായ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം വി എസ് ആതിര, കല്ലറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് നാജിൻഷ, വാർഡ് മെമ്പർമാരായ ഗീത സാംബശിവൻ, ഗീതാകുമാരി രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരും പങ്കെടുത്തു.
എം.എൽഎയുടെ ആസ്തിവികസന ഫണ്ടുപയോഗിച്ച് മണ്ഡലത്തിന്റെ വിവിധയിടങ്ങളിൽ സ്ഥാപിച്ച എട്ട് മിനിമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് – ഓൺ കർമ്മവും 23.5 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിക്കുന്ന വാഴത്തോപ്പ് പച്ച – പഴവിള റോഡിന്റെ നിർമാണ ഉദ്ഘാടനവും ഡി.കെ മുരളി എം.എൽ.എ നിർവഹിച്ചു.