അഞ്ചുതെങ്ങ് മീരാൻകടവ് പഴയപാലം പൊളിച്ചുനീക്കാൻ വർഷങ്ങൾക്കഴിഞ്ഞിട്ടും നടപടിയായില്ല. അഞ്ചുതെങ്ങ് കായലിന് കുറുകെ അഞ്ചുതെങ്ങ് കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് ബ്രിട്ടീഷ് ആധിപത്യകാലത്ത് നിർമ്മിക്കപ്പെട്ട പാലമാണ് ഗതാഗതം നിരോധിക്കപ്പെട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും അധികൃതർ പൊളിച്ചുനീക്കാൻ കൂട്ടാക്കാത്തത്.
മീരാൻകടവ് പഴയ പാലത്തിന്റെ കാലപ്പഴക്കവും ബലക്ഷയവും കണക്കിലെടുത്ത് വർഷങ്ങൾക്ക് മുൻപ് തന്നെ ഈ പാലം ഗതാഗത യോഗ്യമല്ലെന്ന് കണ്ടെത്തുകയും ഇതേ തുടർന്ന് പുതിയ പാലം നിർമ്മിക്കുകയും പഴയ പാലത്തിൽക്കൂടിയുള്ള ഗതാഗതം പൂർണ്ണമായും നിരോധിക്കുകയും ചെയ്തിരുന്നു.
എന്നാൽ, പുതിയ പാലം വന്നു വർഷങ്ങൾ കഴിഞ്ഞിട്ടും പഴയ പാലം പൊളിച്ചു നീക്കാൻ നാളിതുവരെയും നടപടിയുണ്ടായിട്ടില്ല. പാലം പൊളിച്ചുമാറ്റാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണെന്നാണ് ഓരോ തവണയും പരാതികൾ ഉയരുമ്പോൾ അധികൃതർ പറയുന്നത്.
ഇത് പൊളിച്ചു മാറ്റണമെന്ന ആവശ്യവുമായി നിരവധിതവണ വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവർക്ക് നിവേദനങ്ങളും നൽകപ്പെട്ടിട്ടുള്ളതാണ്. എന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.
നിലവിൽ എപ്പോൾ വേണമെങ്കിലും നിലംപോത്താമെന്ന സ്ഥിതിയിലുള്ള ഈ പാലം അഞ്ചുതെങ്ങ് കായലിൽ മാലിന്യ നിക്ഷേപത്തിന്റെയും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളുടെയും കേന്ദ്രമായി മാറിക്കഴിഞ്ഞിരിക്കുകയാണ്.
കൂടാതെ, ഉൾനാടൻ ജലഗതാഗത പദ്ധതിയേയും
ജില്ലയിലെ പ്രധാന കായലുകളായ അഞ്ചുതെങ്ങ് കഠിനംകുളം മുരുക്കുംപുഴ കായലുകളെ സംയോചിപ്പിച്ചുകൊണ്ട്
വിനോദസഞ്ചാര വകുപ്പ് ആവിഷ്കരിച്ച ട്രാവൻകൂർ ഹെറിറ്റേജ് സർക്യൂട്ട് പദ്ധതിയേയും പാലം പൊളിച്ചുനീക്കാത്തത് കാര്യമായി ബാധിച്ചിരിക്കുകയാണ്.
പദ്ധതിയുടെ ഭാഗമായി അഞ്ചുതെങ്ങ് കായിക്കര കടവ് ബോട്ടുജെട്ടി, മുരുക്കുംപുഴ ബോട്ട് ടെർമിനൽ, പൗണ്ട് കടവ് ബോട്ടുജെട്ടി, പനയിൽ കടവ് ബോട്ടുജെട്ടി, പുത്തൻ കടവ് ബോട്ടുജെട്ടി, പുളിമൂട്ടിൽ കടവ് ബോട്ടുജെട്ടി എന്നിവയുടെ നിർമ്മാണ പ്രവർത്തികൾ ഏറെക്കുറെ പൂർത്തിയായിക്കഴിഞെങ്കിലും മീരാൻ കടവ് പഴയ പാലം പൊളിച്ചു നീക്കിയാൽ മാത്രമേ ഇതുവഴിയുള്ള ജല ഗതാഗതം സുഗമമാകുകയുള്ളൂ.
ഈ പ്രദേശത്ത് അഞ്ചുതെങ്ങ് ജലോത്സവത്തിന്റെ ആരംഭത്തോടെ ടൂറിസം, യാത്രാ ബോട്ടുകൾ / സ്ഥിര-യാത്ര/ ബോട്ട് ജട്ടി / ഗാലറി / ചിൽഡ്രൻസ് പാർക്ക് തുടങ്ങിയ മോഹന വാഗ്ദ്ധാനങ്ങളും പ്രദേശവാസികൾക്ക്
ജനപ്രതിനിധികൾ നൽകിയിരുന്നു ഇതൊന്നും നടപ്പിലായിട്ടില്ല.
എത്രയും പെട്ടെന്ന് തന്നെ പഴയ പാലം പൊളിച്ചു നീക്കുവാനുള്ള അടിയന്തര ഇടപെടൽ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് സാമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ ആവിശ്യപ്പെട്ടു.