അരുവിക്കര ഗ്രാമപഞ്ചായത്തിനെ ഭിന്നശേഷി സൗഹൃദ ഗ്രാമമാക്കി മാറ്റുന്നതിന്റെ ഭാഗമായി സ്ഥാപിച്ച ബഡ്‌സ് സ്‌കൂള്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷിക്കാരായ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുന്നത് ഏറ്റവും നല്ല കാര്യങ്ങളിലൊന്നാണെന്ന് മന്ത്രി പറഞ്ഞു. ലക്ഷക്കണക്കിന് രൂപയാണ് ഭിന്നശേഷി കുട്ടികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചെലവഴിക്കുന്നത്. രക്ഷകര്‍ത്താക്കളുടെയും നല്ല മനസുള്ളവരുടെയും പിന്തുണയോടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ഈ രംഗത്ത് കാഴ്ചവക്കാന്‍ കഴിയും. നിരന്തരമായ ഇടപെടലുകളിലൂടെ ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ പ്രയാസങ്ങളില്‍ നിന്നും മാറ്റി സാധാരണ ജീവിത്തിലേക്ക് കൊണ്ടുവരാനാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് തന്നെ മാതൃകയാകുന്ന തരത്തില്‍ കേരളം സൃഷ്ടിച്ച അനേകം ബദലുകളിലൊന്നാണ് ബഡ്സ് സ്‌കൂളുകളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് കുടുംബശ്രീ നടപ്പിലാക്കുന്ന പദ്ധതിയാണ് ബഡ്‌സ് സ്‌കൂളുകള്‍. അരുവിക്കര ഗ്രാമപഞ്ചായത്തിലെ മണമ്പൂര്‍ വാര്‍ഡിലാണ് ഇതിനായി പുതിയ കെട്ടിടം പണിതത്. ജി സ്റ്റീഫന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. കല, ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശി, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.