പോത്തൻകോട് : ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസിന്റെ വാതിൽ തുറന്ന് വിദ്യാർഥിനി റോഡിൽ തെറിച്ചുവീണു. നിസ്സാര പരിക്കേറ്റ വിദ്യാർഥിനി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കരൂർ ലക്ഷ്മീവിലാസം ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി മംഗലപുരം തലയ്ക്കോണം സ്വദേശിനിയാണ് അപകടത്തിൽപ്പെട്ടത്.
വെള്ളിയാഴ്ച വൈകീട്ട് നാലുമണിക്ക് വാവറഅമ്പലം ജങ്ഷനിലെ കാത്തിരിപ്പുകേന്ദ്രത്തിൽ എത്തുന്നതിന് മുമ്പാണ് അപകടം നടന്നത്. നെടുമങ്ങാടുനിന്ന് മുരുക്കുംപുഴയിലേക്കു വന്ന കണിയാപുരം ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി. ബസിന്റെ മുൻവശത്തെ വാതിലാണ് യാത്രക്കിടെ തുറന്നുപോയത്.
വിദ്യാർഥിനി പുറകിൽ തൂക്കിയിരുന്ന ബാഗ് വാതിലിന്റെ ലോക്കിൽ കുരുങ്ങി വാതിൽ തുറന്നതാണ് അപകടത്തിനു കാരണമായത്. നാട്ടുകാരും സ്കൂൾ അധികൃതരും വിദ്യാർഥിനിയുടെ രക്ഷാകർത്താവും ചേർന്ന് കുട്ടിയെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തി. ബസിന്റെ വാതിലുകൾക്ക് ലിവർ മുകളിലേക്കു വലിച്ചുതുറക്കുന്ന പൂട്ട് സ്ഥാപിക്കണമെന്ന് നിർദേശമുണ്ടെങ്കിലും പകുതി ബസുകളിൽ മാത്രമേ അത്തരം പൂട്ടുകൾ സ്ഥാപിച്ചിട്ടുള്ളു. ഇതില്ലാത്ത പൂട്ടുകൾ തിരക്കുകൂടുമ്പോൾ യാത്രക്കാരുടെ കൈയോ കൈയിലുള്ള സാധനങ്ങളോ ലിവറിൽ തട്ടി തുറന്ന് അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്.