അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ വളരെ തിരക്കുള്ള സമയത്ത് പോത്തൻകോട് നിന്നും മംഗലാപുരം വഴി മുരുക്കുംപുഴയിലേക്ക് സ്പെഷ്യൽ ബസ് സർവീസ് നടത്തണമെന്ന് അഡ്വ.അടൂർ പ്രകാശ് എം.പി ഗതാഗത വകുപ്പ് മന്ത്രിക്കും ഗതാഗത വകുപ്പ് എം.ഡി യ്ക്കും കത്ത് നൽകി. പോത്തൻകോട് പ്രദേശത്തെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ലക്ഷ്മി വിലാസം ഹൈസ്കൂളിലെ കുട്ടികൾ വൈകുന്നേരങ്ങളിൽ വലിയ യാത്രാദുരിതം അനുഭവിക്കുന്നതായും വൈകുന്നേരം സ്കൂൾ വിടുന്ന സമയത്ത് പോത്തൻകോട് നിന്നും മംഗലാപുരത്തേക്ക് ഒരു ബസ് മാത്രമാണുള്ളതെന്നും ഈ ബസ് തന്നെ പല ദിവസങ്ങളിലും കുട്ടികളെ കയറ്റാതെ പോകുന്ന അവസ്ഥയാണ് ഉള്ളതെന്നും എം. പി അഭിപ്രായപ്പെട്ടു. സ്കൂൾ വിടുന്ന സമയത്ത് വരുന്ന ഈ ബസ്സിൽ കുട്ടികൾ ഫുട്ബോഡിൽ നിന്ന് യാത്ര ചെയ്ത് ഒരു ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി റോഡിലേക്ക് തെറിച്ച് വീണ് അപകടം ഉണ്ടായ സംഭവം കഴിഞ്ഞ ദിവസമുണ്ടായി. ആയതിനാൽ വൈകുന്നേരം സ്കൂൾ വിടുന്ന സമയത്ത് പോത്തൻകോട് നിന്ന് കൊയ്ത്തൂർക്കോണം മംഗലാപുരം വഴി മു രുക്കും പുഴയിലേക്ക് സ്കൂൾ പ്രവൃത്തി ദിവസങ്ങളിൽ പ്രത്യേക ബസ്സുകളുടെ സർവീസ് വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് എം.പി യുടെ ഇടപെടൽ ഉണ്ടായത്.
