ആറ്റിങ്ങൽ : ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ട്രോമാകെയർ, മോർച്ചറി എന്നിവ ഉടൻ ആരംഭിക്കാനുള്ള നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ്. ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ദേശീയപാതയ്ക്ക് സമീപത്തുള്ള ആശുപത്രിയാണ് ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രി. ദിനവും നൂറുകണക്കിന് ആളുകളാണ് ഈ ആശുപത്രിയെ ആശ്രയിക്കുന്നത്. പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനം വേഗത്തിൽ ആക്കാനും ട്രോമാകെയർ, മോർച്ചറി എന്നിവ ഉടൻ ആരംഭിക്കാനുള്ള നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.എന്നാൽ മരുന്നുകൾ സ്റ്റോക്ക് ഉണ്ടായിട്ടും പാലിയേറ്റീവ് കെയർ ഉൾപ്പെടെയുള്ള രോഗികൾക്ക് കൃത്യമായി ലഭിക്കുന്നില്ല എന്ന പരാതിയും നിലവിലുണ്ട്. ഇതേക്കുറിച്ച് ഒരു റിപ്പോർട്ട് നൽകാൻ ആശുപത്രി സൂപ്രണ്ടിനോട് മന്ത്രി ആവശ്യപ്പെട്ടു. ടോയ്ലറ്റ് ബ്ലോക്ക്, കൂട്ടിരിപ്പുകാർക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യം തുടങ്ങി നിരവധി പരാതികൾ മന്ത്രിയുടെ മുന്നിലെത്തി.
മന്ത്രിയോടൊപ്പം ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക, ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ എസ് കുമാരി, ആശുപത്രി സൂപ്രണ്ട് പ്രീത സോമൻ,നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് ചെയർപേഴ്സൺ രമ്യ സുധീർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉണ്ടായിരുന്നു.