മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നിയമസഭാ മണ്ഡലങ്ങളില്‍ പര്യടനം നടത്തി ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന നവകേരള സദസിന്റെ വിപുലമായ ഒരുക്കത്തിനായി വാമനപുരം മണ്ഡലത്തില്‍ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
നന്ദിയോട് ഗ്രീന്‍ ആഡിറ്റോറിയത്തില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. ഏതെങ്കിലും ഒരു ജനവിഭാഗത്തിന് വേണ്ടി മാത്രം നടത്തുന്ന പരിപാടിയല്ല നവകേരള സദസെന്ന് മന്ത്രി പറഞ്ഞു. നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അതിനായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലാടിസ്ഥാനത്തില്‍ ജനങ്ങളെ കാണുന്നത്. എന്തെങ്കിലും കുറവുകളുണ്ടെങ്കില്‍ അത് പരിഹരിക്കാനും ജനങ്ങളുടെ പരാതികളും നിര്‍ദ്ദേശങ്ങളും നേരിട്ട് കേള്‍ക്കാനും കൂടിയാണ് ഇത്തരം സദസുകള്‍ സംഘടിപ്പിക്കുന്നത്. ആരൊക്കെ തടസങ്ങളുണ്ടാക്കിയാലും സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ജനോപകാരമായ വികസന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തുടരും. ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ പോലും മാതൃകയായ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗവും ആരോഗ്യരംഗവും മലയാളിക്ക് അഭിമാനിക്കാവുന്നതാണ്. കോവിഡ് മഹാമാരിക്ക് മുന്നില്‍ സമ്പന്ന രാജ്യങ്ങള്‍ പോലും പകച്ചുനിന്നപ്പോള്‍ ആരോഗ്യ രംഗത്തെ അപര്യാപ്തത മൂലം ഒരു രോഗിക്കും കേരളത്തില്‍ മരിക്കേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ അധ്യക്ഷനായിരുന്നു. 2025 ജനുവരി ഒന്നിന് മുമ്പ് അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാനും അവരുടെ പരാതികള്‍ കേള്‍ക്കാനുമാണ് നവകേരള സദസ് സംഘടിപ്പിക്കുന്നത്. എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും സമൂഹത്തിന്റെ എല്ലാതലത്തിലുമുള്ള ജനങ്ങളെയും ഇതില്‍ പങ്കെടുപ്പിക്കും. പരിപാടിയുടെ വിജയത്തിനായി മണ്ഡലാടിസ്ഥാനത്തില്‍ രൂപീകരിക്കുന്ന സംഘാടക സമിതിക്ക് പുറമെ പഞ്ചായത്ത് – വാര്‍ഡ് തലത്തിലും സംഘാടക സമിതികള്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍ അനില്‍, ആന്റണി രാജു, രാജ്യസഭാംഗം എ.എ റഹീം എം.പി, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് എന്നിവര്‍ രക്ഷാധികാരികളായാണ് സംഘാടക സമിതി രൂപീകരിച്ചത്. ഡി.കെ മുരളി എം.എല്‍.എ ചെയര്‍മാനും തിരുവനന്തപുരം ഡി.എഫ്.ഒ കെ.ഐ പ്രദീപ് കുമാര്‍ കണ്‍വീനറും നെടുമങ്ങാട് എല്‍.ആര്‍ തഹസില്‍ദാര്‍ സജി എസ് ജോയിന്റ് കണ്‍വീനറുമാണ്. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം, ജില്ലാ പഞ്ചായത്തംഗങ്ങളായ എസ്.സുനിത, ഷീലാകുമാരി, ബിന്‍ഷ ബി. ഷറഫ്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരുമാണ്. മണ്ഡലത്തിലെ ജനപ്രതിനിധികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൗരപ്രമുഖര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രതിനിധികള്‍ എന്നിവരെ അംഗങ്ങളാക്കി വിപുലമായ സംഘാടക സമിതിയാണ് രൂപീകരിച്ചത്. ഇതിന് പുറമെ പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി വിവിധ സബ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു. ഡിസംബര്‍ 21ന് വൈകുന്നേരം 4.30നാണ് വാമനപുരം മണ്ഡലത്തിലെ നവകേരള സദസ് നിശ്ചയിച്ചിരിക്കുന്നത്. മണ്ഡലത്തിലെ പ്രമുഖര്‍ പങ്കെടുക്കുന്ന പ്രഭാതസദസും അന്നേ ദിവസം ആറ്റിങ്ങലില്‍ വച്ച് നടക്കും. നെടുമങ്ങാട്, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, വാമനപുരം, വര്‍ക്കല മണ്ഡലങ്ങളിലെ പ്രഭാത സദസാണ് ആറ്റിങ്ങലില്‍ നടക്കുന്നത്. ചടങ്ങില്‍ ഡി.കെ. മുരളി എം.എല്‍.എ, എ.എ റഹീം എം.പി, ത്രിതല പഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരും പങ്കെടുത്തു.