ആറ്റിങ്ങൽ: പിരപ്പമൺകാട് പാടശേഖരത്തിലെ കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. രണ്ടു ദിവസം മഴ മാറി നിന്നതോടെ വെള്ളം ഇറങ്ങിയ പാടത്ത് കൊയ്ത്ത് ഉത്സവത്തിന് തുടക്കം കുറിക്കുവാൻ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി തന്നെ എത്തി.
ഒരു ഉയർത്ത് എഴുന്നേൽപ്പിൻ്റെ ആവേശത്തിൽ കർഷകരും നാട്ടുകാരും ഒന്നാകെ കൃഷിയിടത്തിലേക്ക് ഇറങ്ങി. അമ്പത് ഏക്കറോളം വരുന്ന കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു.
ഒന്നര പതിറ്റാണ്ട് ആയി തരിശ് ഇട്ടിരുന്ന പാടശേഖരം ആണിത്. പാടശേഖര സമിതി, സൗഹൃദ കൂട്ടായ്മ, എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ആണ് കൃഷി നടത്തിയത്. ഇടയ്ക്കോട് സർവീസ് സഹകരണ ബാങ്ക് പത്തേക്കറിൽ കൃഷി ചെയ്തിട്ടുണ്ട്.
അവനവൻചേരി ഗവ.ഹൈസ്കൂളിലെ എസ്.പി.സി യുണിറ്റ്, നിറവ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ, കർഷക സംഘം കോരാണി യൂണിറ്റ്, കുടുംബശ്രീ എന്നിവരും ഇവിടെ കൃഷി ഇറക്കി. തരിശു കിടന്ന പാടശേഖരങ്ങൾ ആണ് കൂട്ടായ്മയുടെ പിൻബലത്തിൽ ഇവിടെ കൃഷി ഇറക്കിയത്. മികച്ച വിളവ് ആണ് ലഭിച്ചത്.
കൊയ്ത്തുത്സവം ഉൽഘാടനം ചെയ്യുവാൻ എത്തിയ കൃഷി മന്ത്രി പി.പ്രസാദ് പാടശേഖരത്തിൽ കർഷകർ ഒരുക്കിയ ഏറു മാടം സന്ദർശിച്ച ശേഷം ആണ് വയലില് ഇറങ്ങിയത്. കൊയ്ത്ത് പാട്ടും കൈതാളവുമായി നാട്ടുകാർ ആവേശം പകർന്നു. ഈ നെല്ല് പിരപ്പമൺകാട് ബ്രാൻഡിൽ അരി ആക്കി വിപണിയിൽ എത്തിക്കണമെന്ന് മന്ത്രി ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു. കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ മിൽ സ്ഥാപിക്കണം. അതിനു സര്ക്കാർ സബ്സിഡി നൽകുമെന്നും മന്ത്രി പറഞ്ഞു. മുതിർന്ന കർഷകരെ മന്ത്രി ആദരിച്ചു.
വി.ശശി എംഎൽഎ, ഒ.എസ്.അംബിക എംഎൽഎ, പഞ്ചായത്ത് പ്രസിഡൻ്റ് എ.ചന്ദ്രബാബു, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ജയശ്രീ പി.സി, വിഷ്ണു രവീന്ദ്രൻ, സാബു.വി.ആർ, രതീഷ് രവീന്ദ്രൻ, ഷൈനി, ബിജു, മോഹൻദാസ്, അർച്ചന, കോരാണി വിജു, ബി.രാജീവ്, ശരുണ് കുമാർ, ജാസ്മിൻ, ശിവപ്രസാദ്, ശ്രീധരൻ നായർ, എസ്.പി.സി കോർഡിനേറ്റർ എൻ. സാബു, ഇടയ്ക്കോടു എൽപിഎസ് എച്ച്.എം ജയകുമാർ, എം. ജി.എം സ്കൂൾ എച്ച്.എം അരുൺ തുടങ്ങിയവർ പങ്കെടുത്തു.