ആറ്റിങ്ങൽ :കെഎസ്ആർടിസി ആറ്റിങ്ങൽ ഡിപ്പോയിൽ നിന്നും ആറ്റിങ്ങൽ -അയിലം – മെഡിക്കൽ കോളേജ് – തിരുവനന്തപുരം റോഡിൽ ഓടുന്ന ബസ്സിന്റെ സമയത്തിൽ മാറ്റം വരുത്തിയത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി യാത്രക്കാർ.
ആറ്റിങ്ങലിൽ നിന്ന് രാവിലെ 7:30 ന് ആരംഭിച്ച് 7:55 ന് അയിലത്ത് എത്തിച്ചേർന്ന് അയിലത്ത് നിന്ന് 8:10 ന് ആരംഭിച്ച് ആറ്റിങ്ങൽ – മെഡിക്കൽ കോളജ് വഴി തിരുവനന്തപുരത്തേക്ക് 10 മണിക്ക് എത്തിച്ചേരുന്ന ബസ്സിന്റെ സമയക്രമത്തിൽ മാറ്റം വരുത്തിയതാണ് യാത്രക്കാരിൽ കടുത്ത പ്രതിഷേധം ഉണ്ടാക്കുന്നത്. കൃത്യ സമയത്ത് തിരുവനന്തപുരത്ത് ജോലിക്ക് കേറുന്ന ഉദ്യോഗസ്ഥർ ഇപ്പോൾ ഒരു മണിക്കൂർ റോഡിൽ നിൽക്കണം.
ബസ് സർവീസ് ഒരു മണിക്കൂർ നേരത്തെ ആക്കിയപ്പോൾ 10മണിക്ക് തിരുവനന്തപുരത്ത് എത്തുന്ന സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ള യാത്രക്കാർ 9 മണിക്ക് തിരുവനന്തപുരത്ത് എത്തും. അത് വളരെ അധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി യാത്രക്കാർ പറയുന്നു. മാത്രമല്ല 8:10നു അയിലത്ത് നിന്ന് എടുക്കുന്ന ബസ് 7:10നു എടുക്കുന്നത്തോടെ ഒരു മണിക്കൂർ നേരത്തെ വീട്ടു ജോലി ഒതുക്കി ബസ് കിട്ടാൻ ഓടേണ്ട സാഹചര്യമാണ് യാത്രക്കാർക്ക് ഉള്ളത്.
അതേ സമയം ഒരുപാട് നാളായി നിർത്തിവെച്ചിരുന്ന ഈ ബസ് റൂട്ടിൽ എംഎൽഎ ഒഎസ് അംബിക ഇടപെട്ടാണ് പുനഃ സ്ഥാപിച്ചത്. അപ്പോൾ പ്രസിദ്ധീകരിച്ച സമയക്രമത്തിൽ മാറ്റം വരുത്തിയത് ശരിയല്ലെന്നാണ് യാത്രക്കാർ പറയുന്നത്. യാത്രക്കാർ ചേർന്നു വിവിധ തലങ്ങളിൽ പരാതി നൽകാൻ ഒരുങ്ങുകയാണ്. ആരുടെ ഇടപെടൽ കൊണ്ടാണ് ജനോപകാരമായി സർവീസ് നടത്തിയ ബസിന്റെ സമയം മാറ്റിയതെന്ന് അറിയണമെന്നാണ് യാത്രക്കാർ.