ഉഴമലയ്ക്കൽ, ആര്യനാട് സമഗ്ര ശുദ്ധജലവിതരണ പദ്ധതിയ്ക്ക് തുടക്കമായി

IMG-20231019-WA0042

അരുവിക്കര നിയോജക മണ്ഡലത്തിലുൾപ്പെട്ട ഉഴമലയ്ക്കൽ, ആര്യനാട് പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്‌നങ്ങൾ പൂർണ്ണമായും പരിഹരിക്കാൻ വിഭാവനം ചെയ്ത സമഗ്ര ശുദ്ധജലവിതരണ പദ്ധതിയ്ക്ക് തുടക്കമായി. പദ്ധതിയുടെ നിർമാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയോജിത പദ്ധതിയായ ജലജീവൻ മിഷൻ ഏറ്റവും കാര്യക്ഷമമായി നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു. വളരെയേറെ പ്രതിസന്ധികൾ നേരിട്ടിട്ടും ഉഴമലയ്ക്കൽ, ആര്യനാട് ജലവിതരണ പദ്ധതി നടപ്പാക്കാൻ കഴിഞ്ഞത് സർക്കാർ ജനപക്ഷത്തായതിനാലാണെന്നും മന്ത്രി വ്യക്തമാക്കി. ജി. സ്റ്റീഫൻ എം.എൽ.എ ചടങ്ങിന് അധ്യക്ഷത വഹിച്ചു.

ജലജീവൻ മിഷന്റെ 146.39 കോടി രൂപയുടെ പദ്ധതി വഴി ഉഴമലയ്ക്കൽ പഞ്ചായത്തിലെ ഏലിയാവൂരിൽ കരമന നദിയോട് ചേർന്ന് 9.0 മീറ്റർ വ്യാസമുളള കിണറും പമ്പ്ഹൗസും, മങ്ങാട്ടുപാറയ്ക്കടുത്ത് 11.5 എം.ൽ.ഡി ശേഷിയുള്ള ജലശുദ്ധീകരണശാല, 15 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള സംപ്, 7.5 ലക്ഷം ലിറ്റർ സംഭരണശേഷിയുളള ഭൂതല ജലസംഭരണി, ആര്യനാട് പഞ്ചായത്തിലെ പളളിവേട്ടയിൽ 9 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഉപരിതല ജലസംഭരണി, വെട്ടിച്ചാൻകുന്നിൽ 5.5 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഉപരിതല ജലസംഭരണി തുടങ്ങിയവയുടെ നിർമ്മാണവും, റാ വാട്ടർ പമ്പിംഗ് മെയിൻ, ക്ലിയർ വാട്ടർ ഗ്രാവിറ്റി മെയിൽ പൈപ്പ് ലൈനുകൾ, ജലവിതരണ ശൃംഖലകൾ, പമ്പ് സെറ്റുകളും ട്രാൻസ്‌ഫോർമറുകളും സ്ഥാപിക്കൽ, ഇലക്ട്രിക്കൽ പ്രവൃത്തികൾ എന്നിവ നടപ്പാക്കും.

നിലവിലുള്ള കുടിവെള്ള കണക്കുകൾ കൂടാതെ ഉഴമലയ്ക്കൽ പഞ്ചായത്തിൽ 5,526 കുടിവെളള കണക്ഷനുകളും, ആര്യനാട് പഞ്ചായത്തിൽ 7,014 കുടിവെളള കണക്ഷനുകളും ഈ പദ്ധതിയിലൂടെ നൽകുന്നുണ്ട്. ഒന്നര വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ആവശ്യമായ സ്ഥലം പഞ്ചായത്തുകൾ സംയുക്തമായി ഏറ്റെടുത്ത് നൽകിയിട്ടുണ്ട്. പദ്ധതി പൂർത്തിയാകുമ്പോൾ ഉഴമലയ്ക്കൽ, ആര്യനാട് പഞ്ചായത്തുകളിലെ മുഴുവൻ പ്രദേശത്തും ശുദ്ധജലമെത്തിക്കുവാൻ സാധിക്കും.

ഉഴമലയ്ക്കൽ പി.ചക്രപാണി ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ, ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. ലളിത, ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. വിജുമോഹൻ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സുനിത, കേരള ജല അതോറിറ്റി സുപ്രണ്ടിങ് എഞ്ചിനീയർ സൂരജ്, വിവിധ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവരും നാട്ടുകാരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!