ഫോട്ടോ : കുട്ടികളുടെ ജീവൻ രക്ഷിച്ച അനന്തകൃഷ്‌ണനും പിതാവ് അനിൽ കൃഷ്‌ണനും
കിളിമാനൂർ : ഗൃഹനാഥൻ മരിച്ച ദുഃഖത്തിലും ഒരു കുരുന്നു ജീവൻ രക്ഷിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് കിളിമാനൂരിൽ ഒരു കുടുംബം കിളിമാനൂർ പാപ്പാല പ്രണവത്തിൽ പരേതനായ ജി .കൃഷ്‌ണൻ പോറ്റി(86)യുടെ കുടുംബത്തിനാണ് നാട്ടുകാർക്കും അയൽപക്കത്തെ കുടുംബത്തിനും തീരാദുഃഖമായേക്കാവുന്ന സംഭവത്തിൽ നിന്നും ഒരു കുരുന്നു ജീവൻ രക്ഷിക്കാനായത്.
കൃഷ്‌ണൻ പോറ്റിയുടെ പ്രണവം വീട്ടിനോട് ചേർന്ന് വലിയ കുളമുണ്ട് .കുളിക്കുന്നതിനും മറ്റുമായി കുളം വൃത്തിയായി വർഷങ്ങളായി സംരക്ഷിച്ചു വരികയാണ്.വെള്ളിയാഴ്ച കുടുംബാംഗങ്ങൾ ഉച്ചമയക്കത്തിൽ ആയിരുന്ന സമയം ഇവരുടെ വീടിനു സമീപത്തെ ബി എസ് എച്ച് മൻസിലിൽ ജാനിസ് ഷാഹിന ദമ്പതികളുടെ മക്കളായ ജിനാൻ (10) മുഹമ്മദ് ഹനാൻ (7) എന്നീ കുട്ടികൾ വീടിൻറെ ഗേറ്റ് തുറന്ന് കുളത്തിൽ ഇറങ്ങുകയും ജിനാൻ അപകടത്തിൽ പെടുകയും ചെയ്‌തു . ഇരുവരും കിളിമാനൂർ ടൗൺ യുപി സ്കൂളിലെ വിദ്യാർഥികളാണ്.
ജിനാൻ വെള്ളത്തിൽ മുങ്ങിത്താഴുന്നത് കണ്ട് അപകടത്തിൽ പെട്ടതാണെന്ന് മനസ്സിലാകാതെയാണെങ്കിലും ഉറക്കെ സഹോദരനെ കയറി വരാൻ വിളിക്കുന്നത് കേട്ട് കൃഷ്‌ണൻ പോറ്റിയുടെ മരുമകൾ ദീപ ഉണരുകയും ,കുളത്തിൻക്കരയിലാണ് ബഹളമെന്ന് മനസിലായി ഉടനെ അവിടെ എത്തിയപ്പോൾ 15 അടിയോളം വെള്ളമുള്ള കുളത്തിൽ മുങ്ങിത്താഴുന്ന ജിനാനെ കാണുകയായിരുന്നു .ഉടനെ ഭർത്താവ് അനിൽ കൃഷ്‌ണനെയും മകൻ അനന്ത കൃഷ്‌ണനെയും വിളിച്ചു വരുത്തുകയും മുങ്ങിത്താഴ്ന്ന ജിനാനെ കരയിൽ എത്തിക്കുകയും പ്രാഥമിക ശുശ്രൂഷ നൽകി ജീവൻ രക്ഷിക്കുകയുമായിരുന്നു .തുടർന്ന് അയൽക്കാരെയും കുട്ടികളുടെ രക്ഷിതാക്കളെയും വരുത്തി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു .ചെറിയ വ്യത്യാസത്തിലാണ് ജിനാൻ രക്ഷപ്പെട്ടത് .നിമിഷങ്ങൾ കഴിഞ്ഞിരുന്നെങ്കിൽ ജീവഹാനി സംഭവിക്കുമായിരുന്നു .കുട്ടികളും വീട്ടുകാരും നടുക്കത്തിൽ നിന്നും ഇനിയും മുക്തരായിട്ടില്ല .
ഈ മാസം എട്ടിനാണ് റിട്ട .അധ്യാപകനായ കൃഷ്‌ണൻ പോറ്റി വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് അന്തരിച്ചത് .അതിനിടയിൽ നാടിനെയും അയൽപക്കത്തെ വീട്ടുകാരെയും തീരാ ദുഖത്തിലേക്ക് നയിക്കാവുന്ന സംഭവത്തിൽ നിന്നും ഒരു കുരുന്ന് ജീവൻ രക്ഷിക്കാനായതിൻറെ സന്തോഷത്തിലാണ് കുടുംബം .ഇക്കഴിഞ്ഞ ബി ബി എ പരീക്ഷയിൽ റാങ്ക് ജേതാവാണ് അനന്തകൃഷ്‌ണൻ .എൽ ഐ സി ഡെവലപ്പ്മെൻറ് ഓഫീസറും സംഗീത സംവിധായകനുമാണ് അനിൽ കൃഷണ .