ആറ്റിങ്ങൽ: അവകാശങ്ങളേക്കാൾ കടമ പ്രധാനമെന്ന് കരുതുന്ന അധ്യാപക സംഘടനകൾ പോലും സമര രംഗത്തിറങ്ങുന്നത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കടുത്ത അനാസ്ഥയുടെ തെളിവാണെന്നു ആറ്റിങ്ങൽ വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ കെ എസ് ടി യു സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് കെ എസ് ടി യു ജില്ലാ പ്രസിഡൻറ് ജമീൽ പാലാംകോണം പറഞ്ഞു . എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് നിയമനാംഗീകാരവും ശമ്പളവും നൽകുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ഡി എ കുടിശ്ശിക അനുവദിക്കുക, പാഠപുസ്തക പരിഷ്കരണത്തിലെ ഏകാധിപത്യ പ്രവണത അവസാനിപ്പിക്കുക, എസ് എസ് കെ യിലെ പിൻവാതിൽ നിയമനവും അഴിമതിയും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ. വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് ഹൻസീർ അധ്യക്ഷത വഹിച്ചു. കെഎസ് ടി യു തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി പ്രകാശ് പോരേടം മുഖ്യപ്രഭാഷണം നിർവഹിച്ചു. ജില്ലാ അസോസിയേറ്റ് ജനറൽ സെക്രട്ടറി ഷുഹൈബ് തോന്നയ്ക്കൽ ആശംസകൾ അർപ്പിച്ചു. ആറ്റിങ്ങൽ സബ്ജില്ല ട്രഷറർ സുന്ദർലാൽ നന്ദി പറഞ്ഞു.