വെഞ്ഞാറമൂട് : പുസ്തക വായനയ്ക്ക് പുതിയ അനുഭവം സമ്മാനിച്ച് റെക്കോർഡുകൾ വാരിക്കൂട്ടി സുനിൽ വെഞ്ഞാറമൂട്. സുനിൽ വെഞ്ഞാറമൂടിന്റെ ഓക്സിജൻ കവിതാ സമാഹാരമാണ് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിലും ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇടം നേടി ഗ്രാന്റ്മാസ്റ്റർ ബഹുമതിയും കരസ്ഥമാക്കിയത്.
ഒട്ടേറെ പുതുമകളോടെ പ്രസിദ്ധീകരിച്ച 54 കവിതകളുടെ സമാഹാരത്തിൽ അതാത് പേജുകളിൽ പ്രിന്റ് ചെയ്തിരിക്കുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്താൽ പ്രശസ്തരുടെ ആസ്വാദന വീഡിയോകളും അവതാരികകളുടെ ഓഡിയോയും കണ്ടും കേട്ടും പുസ്തകത്തെ ഒരു പുത്തൻ വായനാനുഭവമാക്കി മാറ്റാം എന്നതിനാണ് സുനിൽ വെഞ്ഞാറമൂട് ഈ റെക്കോർഡ് നേട്ടത്തിന് അർഹനായത്.
ആസ്വാദനവീഡിയോകളിൽ പത്മശ്രീ ഡോ. കലാമണ്ഡലം ഗോപി, വയലാർ ശരത്ചന്ദ്രവർമ്മ. എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ , ഗ്രാന്റ്മാസ്റ്റർ ജി.എസ് പ്രദീപ്, ഊർമ്മിളാ ഉണ്ണി , ബി.കെ ഹരിനാരായണൻ, ശ്യാമപ്രസാദ് തുടങ്ങി പ്രഗത്ഭരും പ്രതിഭാധനരും ഒത്തുചേരുന്നു.
നല്ല നാളേകളെ സ്വപ്നം കാണുകയും ആഹ്വാനം ചെയ്യുകയും ചെയ്യുന്ന കവിതകൾ എല്ലാം തന്നെ മികച്ച നിലവാരം പുലർത്തുന്നവയുമാണ്.