അരുവിക്കര പരുത്തിപ്പള്ളി സർക്കാർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ പുതിയ ബഹുനില മന്ദിരത്തിന്റ ശിലാസ്ഥാപനം ജി. സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു. സർക്കാർ നടപ്പാക്കിയ വികസന നയങ്ങളുടെ ഭാഗമായാണ് സർക്കാർ സ്കൂളുകൾക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങളോടെ മെച്ചപ്പെട്ട നിലവാരത്തിലേക്ക് ഉയരാൻ കഴിഞ്ഞതെന്ന് എം.എൽ.എ പറഞ്ഞു.
അടച്ച് പൂട്ടലുകളിൽ നിന്നും കൊഴിഞ്ഞ് പോക്കിൽ നിന്നും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ വെല്ലുന്ന തരത്തിലുള്ള മാറ്റമാണ് ഏഴ് വർഷം കൊണ്ട് പൊതുവിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങളിലുണ്ടായ മാറ്റങ്ങളിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിഫ്ബി-കില ഫണ്ടിൽ നിന്നും 3.90 കോടി രൂപ വിനിയോഗിച്ചാണ് ഇരുനില മന്ദിരം പണിയുന്നത്.
1320.2 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള സ്കൂൾ കെട്ടിടത്തിൽ ഗ്രൗണ്ട് ഫ്ലോറിൽ രണ്ട് ക്ലാസ് മുറികൾ, ലാബ്, സ്റ്റാഫ് റൂം, ആൺകുട്ടികൾക്ക് ഉപയോഗിക്കാവുന്ന ശുചിമുറി സംവിധാനം, ഭിന്നശേഷി സൗഹൃദ ശുചിമുറികൾ എന്നിവയും ഒന്നാമത്തെ നിലയിൽ നാല് ക്ലാസ് മുറികൾ, പെൺകുട്ടികൾക്ക് ഉപയോഗിക്കാവുന്ന ശുചിമുറി സംവിധാനം എന്നിവയും രണ്ടാമത്തെ നിലയിൽ നാല് ലാബ് മുറികൾ, ശുചിമുറികൾ എന്നിവയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു. കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠൻ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവരും സ്കൂൾ പ്രിൻസിപ്പാൾ എസ്. കെ രജനി, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരും പങ്കെടുത്തു.